മുണ്ടക്കയം: മുണ്ടക്കയത്തെ പിടിവിടാതെ കഞ്ചാവ് ലോബി വീണ്ടും സജീവമായി. കഞ്ചാവിന്റെ ലഹരിക്കായി ചെറുപ്പക്കാര്‍ ഓടുമ്പോള്‍ അവരെ കണ്ടെത്തി വില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍ മേഖലയില്‍ പെരുകുകയാണ്.
മുണ്ടക്കയത്തും സമീപ പ്രദേശങ്ങളിലുമാണ് കഞ്ചാവ് ലോബി സജീവമായതായി പരാതി ഉയരുന്നത്. ടൗണുകളും കോളനികളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന വര്‍ധിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറി, ഇറച്ചികോഴി എന്നിവയുടെ ലോഡിലാണ് കഞ്ചാവും പാന്‍ മസാലയും മുണ്ടക്കയത്ത് കൂടുതലായി എത്തുന്നത്. തമിഴ്‌നാട്ടിലേയും കേരളത്തിലേയും ചെക്കുപോസ്റ്റുകള്‍ താണ്ടിയെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ സ്ഥിരമായി എത്തുന്നതിനാല്‍ പരിചയമുഖത്തിന്റെ പേരില്‍ വാഹന പരിശോധനകാര്യമായി നടക്കാറില്ല എന്നതിനാല്‍ കൂടുതല്‍ അളവിലാണ് ലഹരി ഉത്പന്നങ്ങള്‍ മുണ്ടക്കയത്ത് എത്തുന്നത്.
ഒരു പൊതി കഞ്ചാവിന് 100 മുതല്‍ 250 രൂപ വരെ ഈടാക്കിയാണ് വില്‍പ്പന നടത്തുന്നത്. ഈ മേഖലയിലെ കൂലിവേലക്കാരില്‍ പലരും ഇവരുടെ കണ്ണികളാണത്രെ. മുമ്പ് കഞ്ചാവ് കേസുകളില്‍ പിടിക്കപ്പെട്ടവര്‍ തന്നെയാണ് കഞ്ചാവു കച്ചവടത്തില്‍ സജീവമായിരിക്കുന്നത്. വാഹനത്തില്‍ കഞ്ചാവു സൂക്ഷിച്ച് വില്‍പ്പന നടത്തുന്നതായും ആരോപണമുണ്ട്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും ഇതരസംസ്ഥാന തൊഴിലാളികളുമാണ് കഞ്ചാവ് ലോബികളുടെ പ്രധാന ഇടപാടുകാര്‍.
കഞ്ചാവ് കടത്തുകാരെ പിടിക്കാന്‍ എക്‌സൈസ് സംഘം രംഗത്തെത്തിയതോടെ കഞ്ചാവ് ലോബി പുതിയ തന്ത്രങ്ങള്‍ പയറ്റുന്നു. പരിശോധനകള്‍ മുറുകിയതോടെ പിന്‍വാങ്ങിയിരുന്ന സംഘം ആവശ്യക്കാരേറിയതോടെയാണ് വീണ്ടുമെത്തിയത്. കഞ്ചാവ് കടത്തിന് പുരുഷന്മാര്‍ക്ക് പകരം സ്ത്രീകളെയാണ് പുതുതായി പരീക്ഷിക്കുന്നത്. കഴിഞ്ഞയിടെ കഞ്ചാവുമായെത്തിയ മാവേലിക്കരക്കാരി വീട്ടമ്മയെ എക്‌സൈസ് സംഘം പിടിച്ചിരുന്നു. പിടിച്ചതില്‍ ഏറെയും വീര്യംകൂടുതലുള്ള നീലച്ചടയന്‍ കഞ്ചാവായിരുന്നു. 4000 രൂപയ്‌ക്ക് തമിഴ്‌നാട്ടില്‍ നിന്നു വാങ്ങുന്ന കഞ്ചാവ് നാലും അഞ്ചും ഇരട്ടി വിലയ്‌ക്കാണ് ഇവിടെ വില്‍ക്കുന്നത്. കുമളി ചെക്ക് പോസ്റ്റ് കടന്ന് ബസ്മാര്‍ഗം എത്തുന്ന കഞ്ചാവ് ഇടനിലക്കാര്‍ക്ക് വിതരണം ചെയ്യുന്നത് മുണ്ടക്കയത്തു വച്ചാണ്.
കഞ്ചാവ് ലോബിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായി.
















