മാവേലിക്കര: ചെന്നിത്തല ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡ് നിര്‍മ്മിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍. പഞ്ചായത്ത് പ്രസിഡന്റ് ഇ.എന്‍. നാരായണന്‍ വിജയിച്ച എട്ടാം വാര്‍ഡിലെ തുണ്ടില്‍പടി- നാമ്പോലില്‍ പടി റോഡാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നത്.
132 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ 3,56,582 രൂപയാണ് ഉള്‍പ്പെടുത്തിയത്. 22 പേര്‍ക്ക് 187 തൊഴില്‍ദിനങ്ങളില്‍ നിശ്ചയിച്ചാണ് റോഡ് നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ മാത്രം തൊഴിലുറപ്പില്‍ ഉള്‍പ്പെട്ട വനിതകള്‍ റോഡ് നിര്‍മ്മിച്ചു. പിന്നീട് പൂര്‍ണ്ണമായും അന്യസംസ്ഥാന തൊഴിലാളികളെയാണ് ഉപയോഗിക്കുന്നത്. ഇത് ചട്ടവിരുദ്ധമാണ്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡ് പൂര്‍ണ്ണമായും തൊഴില്‍ കാര്‍ഡുള്ളവരെ കൊണ്ടാണ് നിര്‍മ്മിക്കേണ്ടത്. ഇവര്‍ക്ക് വിദഗ്ധരായ രണ്ടുപേരുടെ സഹായം തേടാം. എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായിട്ടാണ് ഇവിടെ നിര്‍മ്മാണം നടക്കുന്നത്. മേല്‍നോട്ടത്തിനു പോലും ആരുമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളുടെ ഇഷ്ടപ്രകാരമാണ് നിര്‍മ്മാണം നടക്കുന്നത്. അതോടൊപ്പം റോഡിന്റെ ചില ഭാഗങ്ങളില്‍ മൂന്ന് മീറ്റര്‍ വീതി ഇല്ലെന്നും ആക്ഷേപമുണ്ട്.
















