ചെങ്ങന്നൂര്‍: ശ്രീഗോശാലകൃഷ്ണ ജലോത്സവത്തില്‍ പ്രയാര്‍, കടപ്ര പള്ളിയോടങ്ങള്‍ ഗോശാലകൃഷ്ണ ട്രോഫി നേടി. പ്രയാര്‍ എ ബാച്ചിലും കടപ്ര ബി ബാച്ചിലുമാണ് ഒന്നാം സ്ഥാനം നേടിയത്.
പാണ്ടനാട് മുറിയായിക്കര നെട്ടായത്തില്‍ ഇന്നലെ നടന്ന ആചാരപരമായ ജലോത്സവത്തില്‍ ഏഴ് പള്ളിയോടങ്ങള്‍ പങ്കെടുത്തു. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ഉമയാറ്റുകര പള്ളിയോടത്തിലാണ് ഘോഷയാത്രയ്‌ക്കായി ഗോശാലകൃഷ്ണന്റെ തിടമ്പേറ്റിയത്. മറ്റ് പള്ളിയോടങ്ങള്‍ അകമ്പടി സേവിച്ചു.
ജലഘോഷയാത്ര അടിച്ചിക്കാവ് ദേവീക്ഷേത്രക്കടവുവരെ പോയി മടങ്ങി. തുടര്‍ന്നായിരുന്നു മത്സരവള്ളംകളി. ആറന്മുള തനത് ശൈലിയിലായിരുന്നു മത്സരം. എ ബാച്ചില്‍ ഫലപ്രഖ്യാപനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നറുക്കെടുപ്പിലൂടെയാണ് പ്രയാറിനെ വിജയിയായി തെരഞ്ഞെടുത്തത്.
കീഴ്‌വന്മഴിയും കുന്നേകാട് പള്ളിയോടവും രണ്ടാമതായി തുഴഞ്ഞെത്തി. ബി ബാച്ചില്‍ നടന്ന മത്സരത്തില്‍ തൈമറവുംകരയും, വന്മഴിയും രണ്ടാമതായി തുഴഞ്ഞെത്തി. ആറന്മുള ഉത്രട്ടാതി ജലമേളയില്‍ ബി ബാച്ചില്‍ മന്നം ട്രോഫി നേടിയ തൈമറവുംകര പള്ളിയോടത്തിന് സ്വീകരണം നല്‍കി.
ജലമേളക്ക് മുന്നോടിയായി തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തില്‍ നിന്ന് മുറിയായിക്കര കടവിലേക്ക് ഘോഷയാത്രയും നടന്നു. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ക്ഷേത്രത്തില്‍നിന്നും എഴുന്നെള്ളത്ത് പുറപ്പെട്ട് 3.15ന് മറിയായിക്കര കടവിലെത്തിയ എഴുന്നെള്ളിപ്പിനെ ജലോത്സവകമ്മറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു.
കടവില്‍ പ്രത്യേകമായി ഒരുക്കിയ പീഠത്തില്‍ ഗോശാലകൃഷ്ണനെന്റെ തിടമ്പ് ഇരുത്തി. തുടര്‍ന്ന് നിരവധിപേര്‍ നിറപറ അര്‍പ്പിച്ചു. ശ്രീഗോശാലകൃഷ്ണ സേവാസംഘം പ്രസിഡന്റ് സജു ഇടക്കല്ലില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ. രാമചന്ദ്രന്‍നായര്‍ എംഎല്‍എ ജലമേള ഉദ്ഘാടനം ചെയ്തു. സിനിമാ സീരിയല്‍ താരം വിവേക് ഗോപന്‍ ജലഘോഷയാത്രയുടെ ഫഌഗ് ഓഫ് നിര്‍വ്വഹിച്ചു.
രാജഗോപാലന്‍നായര്‍ വലിയവീട്ടില്‍, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് മോഹനന്‍ വലിയവീട്ടില്‍, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി ഐലാരത്തില്‍, പള്ളിയോടസേവാസംഘം ട്രഷറര്‍ കൃഷ്ണകുമാര്‍ കൃഷവേണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കലാരമേശ്, ശ്രീവിദ്യാ മാധവന്‍, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യവാഹ് ഒ.കെ. അനില്‍കുമാര്‍, കെ.എസ്.രാജന്‍, ഫിലോമിനാ സെബാസ്റ്റിയന്‍, എസ്.കെ. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
















