സമാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന കലാപ്രകടനം
റിയോ ഡി ജനീറോ: പതിനഞ്ചാമത് പാരാലിമ്പിക്‌സിന് കൊടിയിറങ്ങി. വര്‍ണാഭമായ ചടങ്ങുകളാണ് സമാപന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടത്. സൈക്ലിംഗ് മത്സരത്തിനിടെ മരിച്ച ഇറാന്റെ ബഹ്മാന്‍ ഗോര്‍െബര്‍നെസാദിന് ആദരമര്‍പ്പിച്ചാണ് ഗെയിംസ് സമാപന ചടങ്ങ് അവസാനിച്ചത്.
ഇനി നാലുവര്‍ഷത്തിനുശേഷം ഏഷ്യയിലേക്ക്. ജപ്പാനിലെ ടോക്കിയോയില്‍. അന്താരാഷ്‌ട്ര പാരാലിമ്പിക് പ്രസിഡന്റ് സര്‍ ഫിലിപ്പ് ക്രാവന്‍ അടുത്ത പാരാലിമ്പിക്‌സിന് ആതിഥേയരാകുന്ന ടോക്കിയോ മേയര്‍ യൂറിക്കോ കോയിക്കെയ്‌ക്ക് പതാക ഔദ്യോഗികമായി കൈമാറി.
മണിക്കൂറുകള്‍ നീണ്ട സമാപനചടങ്ങ് സംഗീതത്താലും ബ്രസീലിന്റെ തനതു കലകളും നൃത്തങ്ങളും നിറഞ്ഞതായിരുന്നു. വര്‍ണ്ണവിസ്മയം തീര്‍ത്ത കരിമരുന്ന് പ്രയോഗവും ചടങ്ങിന് മോടികൂട്ടി. നാലുവര്‍ഷത്തിനുശേഷം വീണ്ടും ടോക്കിയോയില്‍ കാണാമെന്ന് പറഞ്ഞ് കായികതാരങ്ങളും റിയോ ഡി ജനീറോയോട് വിടപറഞ്ഞു.
മെഡല്‍ വേട്ടയില്‍ ചൈന തുടര്‍ച്ചയായ നാലാം തവണയും ഒന്നാമതെത്തി. ഇക്കുറി സര്‍വകാല റെക്കോര്‍ഡ് നേട്ടമാണ് അവര്‍ സ്വന്തമാക്കിയത്. സ്വര്‍ണ്ണനേട്ടത്തില്‍ സെഞ്ചുറി പിന്നിട്ട ചൈനീസ് താരങ്ങള്‍ 107 എണ്ണം വാരിക്കൂട്ടി. 81 വെള്ളിയും 51 വെങ്കലവും അടക്കം ആകെ നേടിയത് 239 മെഡലുകള്‍. 2012-ലെ ലണ്ടന്‍ ഗെയിംസിനേക്കാള്‍ 12 സ്വര്‍ണ്ണമാണ് ഇത്തവണ കൂടുതല്‍ നേടിയത്.
64 സ്വര്‍ണ്ണവും 39 വെള്ളിയും 44 വെങ്കലവുമടക്കം 147 മെഡല്‍ നേടിയ ബ്രിട്ടണ്‍ രണ്ടാം സ്ഥാനത്തും 41 സ്വര്‍ണ്ണവും 37 വെള്ളി, 39 വെങ്കലമടക്കം 117 മെഡല്‍ നേടിയ ഉക്രെയിന്‍ മൂന്നാം സ്ഥാനത്ത്.
ചരിത്രത്തിലെ മികച്ച നേട്ടവുമായാണ് ഇന്ത്യന്‍ സംഘം റിയോയില്‍ നിന്ന് മടങ്ങുന്നത്. രണ്ടു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലുമടക്കം 4 മെഡലാണ് ഇന്ത്യ മടങ്ങുന്നത്. മെഡല്‍ പട്ടികയില്‍ 43-ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
പുരുഷന്മാരുടെ ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലുവും ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ഝഝാരിയയുമാണ് സ്വര്‍ണ്ണ ജേതാക്കള്‍. വനിതകളുടെ ഷോട്ട്പുട്ട് എഫ്-53 ഇനത്തില്‍ ദീപ മാലിക് വെള്ളിയും ഹൈജമ്പില്‍ വരുണ്‍ സിംഗ് ഭാട്ടിയ വെങ്കലും നേടി. ഇന്ത്യക്കായി 19 പേരാണ് ഗെയിംസില്‍ മത്സരിച്ചത്.
















