എസ്പാനിയോളിനെതിരെ റോഡ്രിഗസിന്റെ ഗോളിലേക്കുള്ള ഷോട്ട്
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന് മികച്ച ജയം. എസ്പാനിയോളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗരെത്ത് ബെയ്ല്‍ എന്നിവരില്ലാതെയിറങ്ങിയ റയല്‍ വിജയത്തോടെ മറ്റൊരു റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയൂടെ തുടര്‍ച്ചയായി 16 വിജയമെന്ന റെക്കോര്‍ഡിനൊപ്പമാണ് റയല്‍ എത്തിയത്.
എസ്പാനിയോളിനെതിരായ എവേ കളിയില്‍ റയലിനുവേണ്ടി ആദ്യപകുതിയുടെ പരിക്കുസമയത്ത് ജെയിംസ് റോഡ്രിഗസും 71-ാം മിനിറ്റില്‍ കരിം ബെന്‍സേമയും ലക്ഷ്യം കണ്ടു.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്ന റയലിന് പക്ഷേ ഗോള്‍ നേടാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നു. ക്രിസ്റ്റിയാനോയുടെയും ബെയ്‌ലിന്റെയും അഭാവം അവരുടെ മുന്നേറ്റത്തില്‍ നിഴലിക്കുകയും ചെയ്തു. നിരവധി അവസരങ്ങള്‍ തുലച്ചുകളഞ്ഞശേഷമാണ് ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി റയല്‍ ലീഡ് നേടിയത്.
ടോണി ക്രൂസ് നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് ജെയിംസ് റോഡ്രിഗസ് പായിച്ച ഇടംകാലന്‍ ഷോട്ട് എസ്പാനിയോള്‍ ഗോളിയെ മറികടന്ന് വലയില്‍ കയറി.
രണ്ടാം പകുതിയിലും റയലിന് മുന്‍തൂക്കം. 59, 68 മിനിറ്റുകൡ ബെന്‍സേമയുടെ ഷോട്ട് എസ്പാനിയോള്‍ ഗോളി രക്ഷപ്പെടുത്തി. തുടര്‍ച്ചയായി അവസരങ്ങള്‍ തുലച്ച ബെന്‍സേമ ഒടുവില്‍ 71-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ലൂക്കാസ് വാസ്‌ക്വസ് നല്‍കിയ ക്രോസ് സ്വീകരിച്ച് ബോക്‌സിനുള്ളില്‍ നിന്ന് ബെന്‍സേമ തൊടുത്ത ഷോട്ട് വലയില്‍ കയറി. അതിനുശേഷം എസ്പാനിയോള്‍ താരങ്ങള്‍ മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും റയല്‍ പ്രതിരോധം തകര്‍ക്കാന്‍ കഴിഞ്ഞില്ല.
വിജയത്തോടെ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാള്‍ മൂന്ന് പോയിന്റിന്റെ ലീഡ് സ്വന്തമാക്കി. റയലിന് നാല് കളികളില്‍ നിന്ന് 12ഉം ബാഴ്‌സക്ക് 9ഉം പോയിന്റാണുള്ളത്. 9 പോയിന്റുമായി ലാസ്പല്‍മാസ് മൂന്നാമത്.
മറ്റ് കളികളില്‍ അത്‌ലറ്റികോ ബില്‍ബാവോ 2-1ന് വലന്‍സിയയെയും വിയ്യാറയല്‍ ഇതേ മാര്‍ജിനില്‍ റയല്‍ സോസിഡാഡിനെയും പരാജയപ്പെടുത്തി. വലന്‍സിയക്കെതിരായ കളിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബില്‍ബാവോ വിജയിച്ചത്. അര്‍ട്ടിസ് അഡ്യൂരിസിന്റെ ഇരട്ടഗോള്‍ വിജയം സമ്മാനിച്ചു.
നിക്കോളാ സാന്‍സോണിന്റെ ഡബിളാണ് വിയ്യാറയലിന് സോസിഡാഡിനെതിരെ ജയം നേടിക്കൊടുത്തത്. അതേസമയം ഒസാസുന-സെല്‍റ്റ വീഗോ കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
















