മ്യൂണിച്ച്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ മുന്‍നിരക്കാര്‍ ബയേണ്‍ മ്യൂണിച്ചിനും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനും തകര്‍പ്പന്‍ ജയം. ബയേണ്‍ 3-1ന് ഇന്‍ഗ്ലൊസ്റ്റഡ്റ്റിനെയും ബൊറൂസിയ എതിരില്ലാത്ത ആറു ഗോളിന് ഡാംസ്റ്റഡ്റ്റിനെയും തുരത്തി.
അലയന്‍സ് അരീനയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം ബയേണ്‍ ജയം കണ്ടത്. എട്ടാം മിനിറ്റില്‍ ഡാരിയൊ ലെസ്‌കാനൊയിലെയിലൂടെ ഇന്‍ഗ്ലൊസ്റ്റഡ്റ്റ് മുന്നില്‍. നാലു മിനിറ്റിനു ശേഷം റോബര്‍ട്ടൊ ലെവന്‍ഡോവ്‌സ്‌കി ചാമ്പ്യന്മാരെ ഒപ്പമെത്തിച്ചു. 50ാം മിനിറ്റില്‍ സാബി അലൊന്‍സൊയും 84ാം മിനിറ്റില്‍ റാഫിഞ്ഞയും നേടിയ ഗോളുകളില്‍ ടീം ജയവും നേടി. ആദ്യ പകുതിയില്‍ ബയേണിനെ പിടിച്ചുനിര്‍ത്താനായെന്നതു എതിരാളികളുടെ നേട്ടം. ലീഗില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ബയേണ്‍ ഒമ്പതു പോയിന്റുമായി ഒന്നാമത്.
ഡാംസ്റ്റഡ്റ്റിനെതിരെ ഗൊണ്‍സാലൊ കാസ്‌ട്രൊയുടെ ഇരട്ട ഗോളും അഡ്രിയാന്‍ റാമോസ്, ക്രിസ്റ്റ്യന്‍ പുലിസിച്ച്, സെബാസ്റ്റ്യന്‍ റോഡ്, എംമ്രേ മോര്‍ എന്നിവരുടെ ഗോളുകളുമാണ് ബൊറൂസിയയ്‌ക്ക് വന്‍ ജയമൊരുക്കിയത്. ഏഴു പോയിന്റുമായി രണ്ടാമതുണ്ട് ടീം. മറ്റു മത്സരങ്ങളില്‍ ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്ക്, വെര്‍ഡെര്‍ ബ്രെമനെയും (4-1), എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട്, ബെയര്‍ ലെവര്‍കൂസനെയും (2-1) തോല്‍പ്പിച്ചു. ഹാംബര്‍ഗ്, ലെയ്‌പ്‌സിഗ്ഗിനോട് തകര്‍ന്നു (4-0).
















