ന്യൂദല്‍ഹി: ന്യൂസിലന്‍ഡും രഞ്ജി ചാമ്പ്യന്മാരായ മുംബൈയും തമ്മിലുള്ള ത്രിദിന സന്നാഹ മത്സരം സമനിലയില്‍. മൂന്നാം ദിവസം രണ്ടാമിന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 235നു പുറത്തായതോടെ കളി അവസാനിപ്പിക്കാന്‍ രണ്ടു നായകരും തീരുമാനിച്ചു. സ്‌കോര്‍: ന്യൂസിലന്‍ഡ് – 324/7 ഡിക്ല., 235, മുംബൈ – 464/8 ഡിക്ല.
മൂന്നാം ദിവസം അഞ്ച് വിക്കറ്റിന് 431 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച മുംബൈയ്‌ക്കായി സിദ്ദേഷ് ലാദും (100 നോട്ടൗട്ട്) സെഞ്ചുറി നേടി. 99 പന്തില്‍ എട്ട് ഫോറും ഏഴു സിക്‌സറും പറത്തി ലാദ്. ആദിത്യ താരെയ്‌ക്ക് (53) തലേന്നത്തെ സ്‌കോറിനോട് ഒന്നും കൂട്ടിച്ചേര്‍ക്കാനായില്ല. നേരത്തെ, കൗസ്തുഭ് പവാറും (100), സുര്യകുമാര്‍ യാദവും (103) മൂന്നക്കം കണ്ടിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 464 ലെത്തിയപ്പോള്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു മുംബൈ. കിവികള്‍ക്കായി ഇഷ് സോധി രണ്ടു വിക്കറ്റെടുത്തു. ട്രെന്റ് ബൗള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍, മാര്‍ക്ക് ക്രെയ്ഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
രണ്ടാമിന്നിങ്‌സ് തുടങ്ങിയ ന്യൂസിലന്‍ഡിനെ മുംബൈ ബൗളര്‍മാര്‍ പരീക്ഷിച്ചെങ്കിലും ഓപ്പണര്‍ ലൂക്ക് റോഞ്ചിയുടെ (107) ശതകം കരുത്തായി. 112 പന്തില്‍ നിന്ന് 15 ഫോറും മൂന്നു സിക്‌സറും നേടി റോഞ്ചി. ബിജെ വാട്‌ലിങ് (43), ടോം ലഥം (25), ഡഗ് ബ്രേസ്‌വെല്‍ (17), ട്രെന്റ് ബൗള്‍ട്ട് (15) എന്നിവരും രണ്ടക്കം കണ്ടു. മുംബൈയ്‌ക്കായി പരിക്ഷിത് വല്‍സങ്കാര്‍ മൂന്നും, വിജയ് ഗോഹില്‍, സിദ്ധേഷ് ലാദ് എന്നിവര്‍ രണ്ടു വീതവും, വിശാല്‍ ധബോല്‍ക്കര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
















