ഹൈദരാബാദ്: പാരാലിമ്പിക് മെഡല്‍ ജേതാക്കളെയും അടുത്ത വര്‍ഷം മുതല്‍ ഖേല്‍രത്‌നയ്‌ക്ക് പരിഗണിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ക്കു സമം ഇവരെയും കാണുമെന്നും മന്ത്രി പറഞ്ഞു. ഹൈദരാബാദില്‍ പി. ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാദമി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പാരാലിമ്പിക്‌സ് മെഡല്‍ ജേതാക്കളും രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. സിന്ധുവിനെയും സാക്ഷിയെയും എങ്ങനെ സ്വീകരിച്ചുവോ അതുപോലെ അവരെയും പരിഗണിക്കും. ഖേല്‍രത്‌നയേക്കാള്‍ വലുതാണ് ഒളിമ്പിക് മെഡല്‍. ഇതേക്കുറിച്ച് സിന്ധുവിനോട് ചോദിച്ചാല്‍, ഒളിമ്പിക് മെഡലാകും തെരഞ്ഞെടുക്കുക. സദസിലിരുന്ന സിന്ധുവിനെ ചൂണ്ടി മന്ത്രി പറഞ്ഞു.
സൈന നേവാളും യോഗേശ്വര്‍ ദത്തും ഒളിമ്പിക്‌സില്‍ പങ്കെടുക്കുമ്പോള്‍ പരിക്കിന്റെ പിടിയിലായിരുന്നുവെന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി പ്രതികരിച്ചില്ല. ഇതേക്കുറിച്ച് ഒന്നും വെളിപ്പെടുത്താനാകില്ല. അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരും. എങ്കിലും ആത്മപരിശോധന നടത്തണം- മന്ത്രി പറഞ്ഞു. കായിക പ്രതിഭകളെ കണ്ടെത്താന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്നും വിജയ് ഗോയല്‍.
















