കൊല്ലം: ബിജെപി സംസ്ഥാനകമ്മിറ്റി അംഗവും കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗവുമായ കോകില എസ് കുമാറിന്റെയും പിതാവ് സുനില്‍കുമാറിന്റെയും അപകടമരണത്തില്‍ ഏറെ ദുരൂഹത നിലനില്‍ക്കുന്നതായി ബിജെപി.
സംഭവത്തിന് ഒരുമണിക്കൂര്‍ മുമ്പ് ഇടിച്ച വാഹനത്തിനുള്ളില്‍ അഞ്ചുപേര്‍ ഇരുന്നതായും സംഭവസ്ഥലത്തും പരിസരത്തും പലപ്രാവശ്യം കാര്‍ സഞ്ചരിക്കുന്നതായും കണ്ടിട്ടുണ്ട്. കോകില എസ്.കുമാര്‍ പങ്കെടുത്ത പരിപാടി സ്ഥലത്ത് ബൈക്കില്‍ രണ്ടുപേര്‍ എത്തി അന്വേഷണം നടത്തിയതും അപകടത്തിന് തൊട്ടുമുമ്പ് ബൈക്കില്‍ യാത്ര ചെയ്തവരും കാറില്‍ ഉണ്ടായിരുന്നവരുമായി ആശയവിനിമയം നടത്തിയതും ആളൊഴിഞ്ഞ തിരക്കില്ലാത്ത സ്ഥലത്തെ അപകടവും അപകടം നടന്നിരിക്കുന്ന രീതിയുമൊക്കെ സംശയം ജനിപ്പിക്കുന്നതാണ്. അതിനാല്‍ ആല്‍ത്തറമൂട്ടില്‍ കോകിലയും അച്ഛനും മരിക്കാനുള്ള സാഹചര്യമൊരുക്കിയ അപകടത്തെക്കുറിച്ച് സമഗ്രമായ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റ്-ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെയും യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രഭാരി വെള്ളിയാംകുളം പരമേശ്വരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് രാധാമണി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സുജിത് സുകുമാരന്‍, അഡ്വ.പി.അരുള്‍, ജില്ലാ ഭാരവാഹികളായ അഡ്വ.ജി.ഗോപകുമാര്‍, സുരേന്ദ്രനാഥ്, നെടുമ്പന ഓമനക്കുട്ടന്‍ ആയൂര്‍ മുരളി, അനില്‍ വാഴപ്പള്ളി, ശശികല റാവു, രാജേശ്വരി രാജേന്ദ്രന്‍, ലതാ മോഹന്‍, കൃഷ്ണന്‍, കെ.കെ.ജോണ്‍, നെടുമ്പന ശിവന്‍, ടി.വി.സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















