ബിസ്‌ബെന്‍: ഓസ്‌ട്രേലിയ എ ടീമിനെതിരായ ചതുര്‍ദ്ദിന ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ 266 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 എന്ന നിലയില്‍. 82 റണ്‍സുമായി ഓപ്പണര്‍ അഖില്‍ ഹെര്‍വാഡ്കറും 34 റണ്‍സുമായി മലയാളി താരം സഞ്ജു സാംസണും ക്രീസില്‍. ആറ് വിക്കറ്റ് കയ്യിലിരിക്കെ ഇന്നിങ്ങ്‌സ് പരാജയം ഒഴിവാക്കാന്‍ 108 റണ്‍സ് കൂടി േവണം.
ഇന്നലെ അഞ്ചിന് 319 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 116 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. 99 റണ്‍സുമായി ബാറ്റിങ് തുടര്‍ന്ന ഹില്‍ട്ടണ്‍ കാര്‍ട്ട്‌റൈറ്റ് സെഞ്ചുറി നേടി. 9 റണ്‍സുമായി ബാറ്റിങ് തുടര്‍ന്ന വൈറ്റ്മാന്‍ 51 റണ്‍സും നേടി. സ്‌കോര്‍ 356-ല്‍ എത്തിയപ്പോള്‍ 193 പന്തില്‍ നിന്ന് 117 റണ്‍സെടുത്ത കാര്‍ട്ട്‌റൈറ്റ് മടങ്ങി. ഷര്‍ദുല്‍ താക്കൂറിന് വിക്കറ്റ്. പിന്നീട് വൈറ്റ്മാനും റിച്ചാര്‍ഡ്‌സണും (19) ചേര്‍ന്ന് സ്‌കോര്‍ 400 കടത്തി. ജാക്ക്‌സണ്‍ ബിര്‍ഡ് 24 റണ്ണും നേടിയതോടെ ഓസീസ് എ ടീം സ്‌കോര്‍ 435-ല്‍ എത്തി. ഇന്ത്യക്ക് വേണ്ടി ഷര്‍ദുല്‍ താക്കൂര്‍ 101 റണ്‍സ് വഴങ്ങി അഞ്ചും ജയന്ത് യാദവ് 95ന് മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് ഓപ്പണര്‍മാരായ അഖില്‍ ഹെര്‍വാഡ്കറും ഫൈസ് ഫസലും (29) ചേര്‍ന്ന് 84 റണ്‍സിന്റെ മികച്ച തുടക്കം നല്‍കി. ഫസല്‍ റണ്ണൗട്ടായതോടെ ഇന്ത്യക്ക് തകര്‍ച്ച നേരിട്ടു. തുടര്‍ന്നെത്തിയ കരുണ്‍ നായര്‍ (1), മനീഷ് പാണ്ഡെ (8), ക്യാപ്റ്റന്‍ നമന്‍ ഓജ (0) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ നാലിന് 100 എന്ന നിലയിലായി. ഓസ്‌ട്രേലിയക്ക് വേണ്ടി ജോണ്‍ ഹോളണ്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
















