കൊട്ടാരക്കര: ഓണം കാലഘട്ടത്തിന്റെ പവിത്രസ്മരണയാണെന്നും ഈശ്വരനും പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ഐക്യം ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്നും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രപ്പോലീത്ത പറഞ്ഞു. യൂണൈറ്റഡ് റിലിജിയന്‍സ് ഇന്‍ഷ്യേറ്റീവ് രാജ്യാന്തര സമ്മേളനവും പഠനശിബിരവും ഇഞ്ചക്കാട് ശില്പ റീജിയന്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുദ്ധമായ സൗഹൃദവും നീതിബോധവുമുണ്ടായിരുന്ന ഒരു കാലഘട്ടത്തിന്റെ സ്മരണയാണ് ഓണം. സൗഹൃദവും സഹോദര്യവും സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നല്ലെന്നും അത് ഉണ്ടാക്കിയെടുക്കുവാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാതിമത വര്‍ണ വര്‍ഗ വ്യത്യാസമന്യെ സമസൃഷ്ടങ്ങളെ സഹോദരരായി കാണുവാന്‍ കഴിയണം. സ്വാര്‍ത്ഥതയുടെ മതില്‍ക്കെട്ടില്‍ തളച്ചിടപ്പെട്ട മനുഷ്യമനസ്സില്‍ നന്മയുറ്റ ശുദ്ധസൗഹൃദം സൃഷ്ടിക്കുവാനുള്ള പ്രയത്‌നമാണ് വേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാജ്യാന്തര എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.വിക്ടര്‍ കസാന്റിയാന്‍ മുഖ്യപ്രഭാഷണം നടത്തി.
















