ന്യൂദല്‍ഹി: എയര്‍ ഇന്ത്യയില്‍ പൈലറ്റാകാന്‍ പരിശ്രമിച്ചവര്‍ക്ക് മനശ്ശാസ്ത്ര പരിശോധനയില്‍ ഭൂരിപക്ഷത്തിനും തോല്‍വി. നിയമനത്തിനുള്ള നിര്‍ണായക പരീക്ഷയില്‍ കൂട്ടത്തോല്‍വി.
ആദ്യ രണ്ടു ഘട്ടങ്ങളായ ഫ്‌ളൈറ്റ് സിമുലേറ്റര്‍ (വിമാനം പറപ്പിക്കല്‍ പഠിപ്പിക്കുന്ന യന്ത്രം), ടെക്‌നിക്കല്‍ പരീക്ഷകള്‍ വിജയിച്ചവരാണ് മൂന്നാം ഘട്ടമായ മനശ്ശാസ്ത്ര പരീക്ഷയില്‍ തോറ്റത്. പങ്കെടുത്ത 413 പേരില്‍ 130 പേരേ മൂന്നാംഘട്ടം കടന്നുള്ളു. 2015 ഡിസംബര്‍ മുതലുള്ള പരീക്ഷയിലെ റിപ്പോര്‍ട്ടാണിത്.
2015 മാര്‍ച്ചില്‍ 150 യാത്രക്കാരുമായി പോയ ഒരു ജര്‍മ്മന്‍ വിമാനം പൈലറ്റ് ആല്‍പ്‌സില്‍ ഇടിച്ചിറക്കി. പൈലറ്റിന്റെ മനസ്സംഘര്‍ഷമാണ് കാരണമായി കണ്ടെത്തിയത്. തുടര്‍ന്നാണ് പൈലറ്റുമാര്‍ക്ക് മനശ്ശാസ്ത്ര പരീക്ഷ നിര്‍ബന്ധമാക്കിയത്.
പരീക്ഷയില്‍ തോറ്റവര്‍ സ്വകാര്യ വിമാന സര്‍വീസുകളില്‍ ജോലിക്ക് കയറിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. വിമാനം പറപ്പിക്കല്‍ പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിലേക്കും സൗകര്യങ്ങളിലേക്കും മറ്റും വിരല്‍ചൂണ്ടുന്നതാണ് ഈ വിവരങ്ങള്‍.
വിമാന സര്‍വീസിലെ സുരക്ഷയ്‌ക്കാണ് എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറല്ലെന്നും എയര്‍ ഇന്ത്യ വക്താവ് പ്രതികരിച്ചു. സിവില്‍ ഏവിയേഷന്‍ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ലളിത് ഗുപ്ത അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ എയര്‍ ഇന്ത്യയില്‍ പൈലറ്റുമാരുടെ മാനസിക നില പരിശോധന തുടങ്ങിയത്.
















