ന്യൂദല്‍ഹി: ഈദ് ദിനം മഹാദുരിതത്തിലാക്കി കശ്മീരില്‍ സംഘര്‍ഷം. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ മരിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ഈദ് ദിനത്തില്‍ ആദ്യമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പത്ത് ജില്ലകളിലാണ് കര്‍ഫ്യൂ.
വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങുന്നവര്‍ സംഘടിച്ച് സുരക്ഷാസേനകളെ ആക്രമിക്കുന്നത് പതിവാണ്. ഈദ് നമസ്‌കാരത്തിനായി എത്തുന്ന ജനക്കൂട്ടം അക്രമം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. കശ്മീരിലെ യുഎന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താന്‍ വിഘടനവാദികള്‍ ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ശന സുരക്ഷയാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയത്.
പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. പ്രാര്‍ത്ഥനക്കായി ജനങ്ങള്‍ ഒത്തുചേരുന്നത് നിയന്ത്രിച്ചു. ശ്രീനഗറിലെ പ്രസിദ്ധമായ ഹസ്രത്ബാല്‍ പള്ളിയില്‍ ആദ്യമായി ഈദ് ഗാഹിന് അനുമതി നല്‍കിയില്ല. അതാത് പ്രദേശത്തെ പള്ളികളില്‍ പ്രാര്‍ത്ഥന നടത്താനായിരുന്നു നിര്‍ദ്ദേശം.
ശ്രീനഗറിലെ കച്ചവടസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. സംഘര്‍ഷ സാധ്യതയുള്ള കുല്‍ഗാം ജില്ലയിലെ ഗുദ്വാനി, റിദ്വാനി എന്നിവിടങ്ങളില്‍ സൈന്യത്തെ നിയോഗിച്ചു. ഹെലികോപ്ടറുകളും ഡ്രോണ്‍ വിമാനങ്ങളും ഉപയോഗിച്ച് നിരീക്ഷിച്ചു. ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു. ശ്രീനഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ബന്ദിപ്പൂരിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. ഇവിടെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലാണ് രണ്ടാമത്തെ മരണം.
മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഈദ് ആശംസകള്‍ നേര്‍ന്നു. ജമ്മുകശ്മീര്‍ വേദനാജനകമായ അന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹബൂബ പറഞ്ഞു.
















