ന്യൂദല്‍ഹി: ദല്‍ഹിയില്‍ ചിക്കന്‍ ഗുനിയയും ഡങ്കിപ്പനിയും പടരുന്നു. ഈ മാസം ഇതുവരെ നാലൂപേര്‍ ഗുനിയ ബാധിച്ച് മരിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല. ഡങ്കിപ്പനിയും മലേറിയയും ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.
ദല്‍ഹി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം വിവാദമായതോടെ പതിവു പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി കേജ്‌രിവാള്‍ രംഗത്തെത്തി. സംസ്ഥാനം മാരകമായ പകര്‍ച്ചപ്പനിയുടെ പിടിയിലായിട്ടും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ദല്‍ഹിയിലില്ലാത്തത് ആക്ഷേപങ്ങള്‍ക്ക് വഴിവെച്ചു. സിസോദിയ വിദേശ യാത്രയിലാണ്. ആരോഗ്യമന്ത്രി ഗോവയിലും. തൊണ്ടയ്‌ക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി കേജ്‌രിവാള്‍ ബംഗളൂരുവിലാണ്.
സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ അധികാരം ലഫ്. ഗവര്‍ണര്‍ക്കാണെന്നും തങ്ങളുടെ കയ്യില്‍ പേന വാങ്ങാന്‍ പോലും കാശില്ലെന്നും കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. പോസ്റ്റ് ജനങ്ങളുടെ നിശിത വിമര്‍ശനത്തിന് ഇരയായി. ദല്‍ഹിയിലെ പകര്‍ച്ചപ്പനി കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണെന്നും ചിക്കന്‍ ഗുനിയ വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയെന്നും കേന്ദ്രആരോഗ്യമന്ത്രി ജെ.പി. നദ്ദ അറിയിച്ചു.
















