ന്യൂദല്‍ഹി: വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ ഇസ്ളാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെ കേന്ദ്രസര്‍ക്കാരിന്റെ അത്യപൂര്‍വ്വ നടപടി. മുന്‍കൂര്‍ അനുമതി തേടാതെ ഫൗണ്ടേഷന് വിദേശ സംഭാവന സ്വീകരിക്കുന്നത് വിലക്കിയ കേന്ദ്രം ഇത് ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഗസറ്റ് വിജ്ഞാപനമാണ് അസാധാരണ സംഭവം. ഫൗണ്ടേഷന് നിരവധി ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഗസറ്റ് വിജ്ഞാപനം ഇറക്കാന്‍ തീരുമാനിച്ചത്. ഇതിനു മുന്‍പ് ഒരു സര്‍ക്കാരിതര സംഘടനയ്ക്കും എതിരെ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. വിദേശ സംഭവനാ നിയന്ത്രണ ചട്ടം ലംഘിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കുക മാത്രമാണ് മുന്‍പ് ചെയ്തിട്ടുള്ളത്.
ഇതിന് ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ അനുമതി മതി. എന്നാല്‍ ഇവിടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങാണ് ഐആര്‍എഫിനെ നിയന്ത്രിക്കാന്‍ അനുമതി നല്കിയതും ഗസറ്റില്‍ വിജ്ഞാപനം ചെയ്യാന്‍ നിര്‍ദ്ദേശം നല്കിയതും. തീരുമാനം നിയമമന്ത്രാലയം അംഗീകരിച്ചു.
രാഷ്ട്രപതിയുടെ അനുമതിയും തേടിയ ശേഷമാണ് ഇസ്ളാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരീക്ഷണപ്പട്ടികയില്‍ പെടുത്തിയത്. വിദേശ സംഭാവന നിയന്ത്രണ ചട്ടം 11(3) വകുപ്പുപ്രകാരമുള്ള വിജ്ഞാപനം ചോദ്യം ചെയ്യാന്‍ പോലും ഫൗണ്ടേഷന് അധികാരമില്ല.
അനവധി നിയമലംഘനങ്ങളാണ് അവര്‍ നടത്തിയത്. 1.79 കോടി വിദേശ സംഭാവന കിട്ടിയത് രഹസ്യമാക്കി വച്ചു, പത്തുകോടി സ്ഥിരനിക്ഷേപമാക്കി. ഫണ്ട് മറ്റു പല വഴിക്കും തിരിച്ചുവിട്ടു.
















