കോഴിക്കോട്: തിബറ്റ്-ചൈന ചര്‍ച്ച പുനരാരംഭിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഇന്‍ഡോ-തിബറ്റന്‍ കോര്‍ കമ്മിറ്റി നാഷണല്‍ കണ്‍വീനറും മുന്‍ അരുണാചല്‍ ധനകാര്യമന്ത്രിയുമായ ആര്‍.കെ. ഖിര്‍മെ പറഞ്ഞു. ”ഭാരതമേ നന്ദി”-ഇന്‍ഡോ-തിബറ്റന്‍ പ്രദര്‍ശനത്തില്‍ രണ്ടാം ദിനത്തിലെ പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ജലസ്രോതസ്സിന്റെ 28 ശതമാനം തിബറ്റിലാണ്. ബ്രഹ്മപുത്ര ഉള്‍പ്പെടെ ഇന്ത്യാ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാഷ്‌ട്രങ്ങള്‍ ആശ്രയിക്കുന്നത് ഈ ജലസ്രോതസ്സുകളെയാണ്. അതു മലിനമാക്കാനുള്ള ചൈനയുടെ ശ്രമത്തെ കരുതിയിരിക്കേണ്ടതുണ്ട്. കുടിവെള്ളം വിഷമയമാക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ലോക മനഃസാക്ഷി ഉണരണം. ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന സെമിനാറില്‍ ഡോ. അനൂപ് അദ്ധ്യക്ഷത വഹിച്ചു. ജെ.പി. അര്‍സ്, പ്രൊഫ. ടി. ശോഭീന്ദ്രന്‍, അപ്പുക്കുട്ടന്‍ ആചാരി, ഡോ. ഡസല്‍ ദേശായി, ഡോ. ടെന്‍സില്‍, യോഗാചാര്യ ഷെബീര്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് മാനാഞ്ചിറ സ്‌ക്വയറില്‍ തിബറ്റന്‍ വിദ്യാര്‍ത്ഥികളുടെ കലാപ്രകടനവും നടന്നു. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന മനുഷ്യാവകാശ സെമിനാര്‍ ടി.പി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഫാ. സെബാസ്റ്റ്യന്‍ കാഞ്ഞിരത്തിങ്കല്‍, ഡോ. ജോണ്‍ ബേബി, ടി.പി. രാജീവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്ന് രാവിലെ ഡോക്യുമെന്ററി പ്രദര്‍ശനം, കലാപരിപാടികള്‍,സൗജന്യ ആയുര്‍വേദ-ജ്യോതിഷ ക്യാമ്പ് എന്നിവ നടക്കും.
















