കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂര്‍ തൈക്കൂട്ടത്തില്‍ വീട്ടില്‍ അബ്ദുല്‍ സലിമിന്റെ ഭാര്യ സനൂജ(26)യെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അബ്ദുല്‍ സലിം (38)അറസ്റ്റില്‍. കൊലക്ക് ശേഷം ഒളിവില്‍ പോയ സലിം പെരുന്നാളിനോട് അനുബന്ധിച്ച് കുണ്ടറയിലുള്ള സഹോദരിയുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു പിടികൂടിയത്. ജൂലൈ 16ന് രാത്രിയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് സനൂജയെ കൊലപ്പെടുത്തിയത്. തലക്കടിച്ച ശേഷം കെട്ടിതൂക്കിയ നിലയിലായിരുന്നു പോലീസ് മൃതദേഹം കണ്ടെടുത്തത്. ഏറെ കാലമായി ഗള്‍ഫിലായിരുന്ന പ്രതി സംശയരോഗിയായിരുന്നു. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്, കുറ്റാലം തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവിലായിരുന്നു. എസിപി എസ്.ശിവപ്രസാദിന്റെ നേതൃത്വത്തില്‍ സിഐ എം.അനില്‍കുമാര്‍, എസ്‌ഐമാരായ പി.രാജേഷ്, ഡി.ബജിത്‌ലാല്‍, എഎസ്‌ഐമാരായ രാജശേഖരന്‍, മദനന്‍, പ്രസന്നന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
















