ന്യൂദല്‍ഹി: രാജ്യത്ത് ആത്മഹ്യാശ്രമം സ്ത്രീകളില്‍ പുരുഷന്മാരേക്കാള് മൂന്നിരട്ടി കൂടുതലെന്ന് വിദഗ്ധര്‍. സ്ത്രീകളേക്കാള്‍ മൂന്നിരട്ടിയാണ് ആത്മഹത്യ ചെയ്യുന്ന പുരുഷന്മാര്. ആത്മഹത്യാ പ്രവണത 15-30 പ്രായത്തില്‍ പെട്ടവരിലാണ് കൂടുതല്‍. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാം സ്ഥാനം തമിഴ്നാടിന്.
ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ കണക്കനുസരിച്ച് 10 മുതല്‍ 15 ശതമാനം ആത്മഹത്യകളും പെട്ടെന്നുള്ള ക്ഷോഭത്തില്‍ ചെയ്യുന്നതാണ്. മാനസിക-സാമൂഹ്യ ചികിത്സകൊണ്ട് തടയാവുന്നവയാണ് അധികവുമെന്നും വിലയിരുത്തുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 8,00,000 പേരാണ് പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നത്. ഓരോ 40 സെക്കന്റിലും ഒരാളെന്ന കണക്കില്‍. ജീവിതത്തിന് അര്‍ത്ഥമില്ലെന്ന തോന്നലാണ് പലരേയും ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നതത്രെ. അവരെ സ്വാധീനിക്കാന്‍ കഴിയുന്നവര്‍ ഇടപെട്ടാല്‍ പ്രശ്നപരിഹാരമായെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി പ്രസിഡന്റ് ഡോ. ജി. പ്രസാദ് റാവു പറയുന്നു.
ആര്‍ക്കെങ്കിലും ആത്മഹത്യാ പ്രവണതയുണ്ടെങ്കില്‍ അത് എങ്ങനെ കെകാര്യം ചെയ്യണമെന്ന് അറിയാത്തവരാണ് 71 ശതമാനം ആളുകളെന്ന് ദല്‍ഹി ആസ്ഥാനമായുള്ള മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സിന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
















