ലഖ്നൗ: വിവാഹമോചനത്തിന് പുരുഷന്മാരെപ്പോലെ മുസ്ലിം സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഇന്ത്യ ഷിയ പേഴ്സണല്‍ ലോ ബോര്‍ഡ് (എഐഎസ്പിഎല്‍ബി). മുത്തലാഖുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഭാരതത്തിലെ മുസ്ലിം വ്യക്തിനിയമത്തിലെ വിവാഹ വ്യവസ്ഥകള്‍ക്ക് (നിക്കാഹ് നാമ) ബദല്‍ നിര്ദശങ്ങളാണ് എഐഎസ്പിഎല്‍ബി ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി) മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.
ആധുനിക നിക്കാഹ് നാമ എന്ന പേരില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ഷിയ നിര്‍ദ്ദേശം. എഐഎംപിഎല്‍ബി വൈസ് പ്രസിഡന്റും ഷിയ ആത്മീയ നേതാവുമായ മൗലാന കല്‍ബെ സാദിഖിന് എഐഎസ്പിഎല്‍ബി വക്താവ് മൗലാന യാസൂബ് അബ്ബാസാണ് നിര്‍ദ്ദേശങ്ങള്‍ കൈമാറിയത്.
പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും വിവാഹമോചനം നല്കാന് അവകാശമുണ്ട്. എഐഎംപിഎല്‍ബി അംഗം സഫര്യാബ് ജിലാനിയ്ക്കും വിവാഹമോചന നിയമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് അബ്ബാസ് കത്തെഴുതിയിട്ടുണ്ട്. ഇസ്ലാം നിയമങ്ങളെ സുപ്രീംകോടതി പരിഹസിച്ച സാഹചര്യത്തിലാണ് മാറ്റം ആവശ്യപ്പെടുന്നത്.
മുത്തലാഖിനെ ചോദ്യം ചെയ്ത് മുസ്ലിം സ്ത്രീ നല്കിയ ഹര്‍ജി സുപ്രീംകോടതി സപ്തംബര്‍ രണ്ടിന് പരിഗണിച്ചിരുന്നു. മുത്തലാഖ് സ്ത്രീയുടേയും പുരുഷന്റേയും കുടുംബാംഗങ്ങള്‍ തമ്മിലുള്ള വഴക്കിലേക്കും ചിലപ്പോള്‍ കൊലപാതകത്തിലേക്കു വരെ വഴിവെയ്ക്കുമെന്ന് എഐഎംപിഎല്‍ബി സുപ്രീംകോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എഐഎസ്പിഎല്ബിയുടെ അഭിപ്രായം വരുംദിവസങ്ങളില്‍ അറിയിക്കുമെന്നും അബ്ബാസ് പറഞ്ഞു.
സാക്ഷികളുടെ മുമ്പില്‍ വേണം വിവാഹമോചനം. അല്ലാതെ മുത്തലാഖിന് സാധുതയില്ല. വിവാഹമോചിതരാവുന്ന മുസ്ലിം സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗമില്ലെങ്കില്‍ ജീവനാംശം നല്‍കണം. രണ്ടുവര്‍ഷത്തിനിടെ, ഭര്‍ത്താവിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലെങ്കില്‍, ശാരീരിക പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍, സ്ത്രീകള്‍ക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാം, അബ്ബാസ് പറഞ്ഞു. അടുത്ത എഐഎംപിഎല്‍ബി യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യുമെന്നും അബ്ബാസ് അറിയിച്ചു.
















