ബെംഗളൂരു: കാവേരിനദീജല പ്രശ്നത്തില്‍ കര്‍ണാടകയ്ക്ക് വീണ്ടും തിരിച്ചടി.തമിഴ്നാടിന് ജലം നല്‍കാനുള്ള ഉത്തരവ് റദാക്കണമെന്ന കര്‍ണാടകത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.തമിഴ്നാടിന് കര്‍ണാടക ദിനംപ്രതി നല്‍കേണ്ട വെള്ളത്തിന്റെ അളവ് സുപ്രീംകോടതി കുറച്ചു.
തമിഴ്നാടിന് സപ്തംബര്‍ 20 വരെ ദിവസവും 12000 ക്യുസെക്സ് വെള്ളം നല്കിയാല് മതിയെന്ന് കര്‍ണാടകത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. 15,000 ക്യുസെക്സ് വീതം ജലം അടിയന്തരമായി വിട്ടുകൊടുക്കാനായിരുന്നു ഈ മാസം അഞ്ചിനു സുപ്രീം കോടതി ഉത്തരവിട്ടത്. തമിഴ്നാടിന് അധികജലം വിട്ടുകൊടുക്കണമെന്ന ഇടക്കാല ഉത്തരവിനെതിരെ കര്‍ണാടക സമര്‍പ്പിച്ച പുതുക്കല്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ജലം നല്‍കാനുള്ള ഉത്തരവിനെതിരെ കര്‍ണാടകയില്‍ നടക്കുന്ന വ്യാപക അക്രമത്തിലും സുപ്രീംകോടതി പ്രതിഷേധം പ്രകടിപ്പിച്ചു. പൗരന്മാരും ഭരണകൂടവും കോടതി വിധികള്‍ അംഗീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഉത്തരവ് നടപ്പാക്കാത്തതിലും കര്‍ണാടക സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷാത്മകമായ അവസ്ഥയാണെന്നും കര്‍ഷകരുടെയും ജനങ്ങളുടെയും വലിയ പ്രതിഷേധം നടക്കുകയാണെന്നും കര്‍ണാടക സുപ്രീംകോടതിയെ അറിയിച്ചു. അതുകൊണ്ടാണ് ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതിരുന്നതെന്നും കര്‍ണാടക കോടതിയില്‍ പറഞ്ഞു.
















