അഞ്ചല്‍: വടമണ്‍ സര്‍ക്കാര്‍ യുപിഎസ് സ്കൂള്‍വികസന സമിതിയില്‍ ബിജെപി പ്രതിനിധിയെ കണ്ട അഞ്ചല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഹാലിളകി.
വടമണ്‍ സര്‍ക്കാര്‍ യുപിഎസ് കാലങ്ങളായി രാഷ്ട്രീയ കസര്‍ത്തിന്റെ വേദിയായി ഉപയോഗിക്കുകയായിരുന്നു. ആയിരം കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളില്‍ ഇപ്പോള്‍ 120 കുട്ടികള്‍ മാത്രമാണുള്ളത്. എന്നാല്‍ സ്കൂളിന്റെ ശോച്യാവസ്ഥ മനസിലാക്കി സമീപവാസികള്‍ വികസനസമിതി രൂപീകരിച്ചു. നാട്ടുകാര്‍ സ്വന്തം പണംമുടക്കി സ്കൂള്‍ബസ് വാങ്ങുകയും സ്കൂളിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയുമുണ്ടായി. അക്കാഡമിക് പരിശോധനക്ക് എന്നമട്ടില്‍ സ്കൂളില്‍ എത്തിയ എഇഒ സ്കൂള്‍ വികസന സമിതി യോഗത്തിലാണ് ബിജെപി പ്രതിനിധിയെ കണ്ടപ്പോള്‍ ഹാലിളകിയത്. സ്കൂളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ എഇഒ തടസം സൃഷ്ടിക്കുന്നതായാണ് ആരോപണം. സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തനം നടക്കാത്തതും ലാപ്ടോപ്പ് അധ്യാപിക സ്വന്തം ആവശ്യത്തിന് കൊണ്ടു പോയതും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ബിജെപി അംഗങ്ങള്‍ സ്കൂളില്‍ വികസന സമിതിയില്‍ എങ്ങനെ വന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ് എഇഒയോട് അന്വേഷിച്ചിരുന്നു. പഞ്ചായത്ത് അംഗത്തിനും സിപിഎമ്മിനും ബിജെപി പ്രവര്‍ത്തകര്‍ സ്കൂളിലെ വികസന കാര്യങ്ങള്‍ ഏറ്റെടുത്തത് വിറളി പിടിപ്പിച്ചിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അവരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി പുനലൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ബി.പ്രകാശ്കുമാര് പറഞ്ഞു. സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
















