ന്യൂദല്‍ഹി: അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതിഷേധിച്ച ബലൂച്ചിസ്ഥാനിലെ ജനങ്ങള്‍ക്കെതിരെ പാക്കിസ്ഥാന് സൈനിക നടപടി ആരംഭിച്ചു. ആയിരക്കണക്കിന് ബലൂച് സ്വാതന്ത്ര്യപ്രക്ഷോഭകരെ കൊന്നൊടുക്കുകയാണ് പാക് സൈന്യത്തിന്റെ ലക്ഷ്യമെന്ന് ബലൂച്ച് പ്രക്ഷോഭകര്‍ ആരോപിച്ചു. ലോകരാഷ്ട്രങ്ങള്‍ പ്രശ്നത്തിലിടപെടണമെന്നും തങ്ങളെ രക്ഷിക്കണമെന്നും ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് അബ്ദുള്‍ നവാസ് ബുഗ്തി അഭ്യര്‍ത്ഥിച്ചു.
ബലൂച് പ്രവിശ്യയിലെ നസീറാബാദിലെ വിവിധ സ്ഥലങ്ങളില്‍ പാക് സൈന്യം പ്രക്ഷോഭകാരികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണ്. ബലൂചിലെ നിരവധി ജനങ്ങള്‍ സൈന്യത്തിന്റെ ക്രൂരമായ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുന്നു. നിരവധി പേരെ പ്രദേശങ്ങളില്‍ നിന്നും കാണാതായിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം പ്രശ്നത്തില്‍ ഇടപെടണമെന്ന ആവശ്യം ബലൂചികള്‍ ശക്തമാക്കുകയാണ്.
ദേറാബുഗ്തിയുടെ വിവിധ മേഖലകളിലും പാക് സൈന്യത്തിന്റെ ആക്രമണം ശക്തമായിട്ടുണ്ട്. ഇവിടെ ഒരു കുടുംബത്തിലെ സ്ത്രീകളും കുട്ടികളും അടക്കം 19പേരെ കാണാതായി. തുര്‍ബത് പ്രദേശത്ത് ബലൂച്ച് രാഷ്ട്രീയ നേതാവിന്റെ വീട് നാലുദിവസമായി സൈന്യം വളഞ്ഞിരിക്കുന്നു. ഭക്ഷണവും വെള്ളവും പോലും നിഷേധിച്ച് രാഷ്ട്രീയ നേതാവിന്റെ ഭാര്യയെയും കുട്ടികളെയും പട്ടിണിക്കിട്ട് കൊലപ്പെടുത്താനാണ് സൈന്യത്തിന്റെ ശ്രമം.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിഷയത്തില്‍ ഇടപെടണമെന്ന് ബലൂച് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ബലൂചികള്ക്കെതിരായ പാക് സൈന്യത്തിന്റെ ആക്രമണം ശക്തമാക്കാന്‍ കാരണമായെന്ന ആരോപണം ബലൂച് പ്രക്ഷോഭ നേതാക്കാള്‍ നിഷേധിച്ചു.
മോദിയുടെ പ്രസംഗത്തോടെയാണ് തങ്ങളുടെ പ്രശ്നം ലോകമറിഞ്ഞത്. തങ്ങള്‍ക്കെതിരായ അക്രമം നേരത്തെ മുതല്‍ പാക് സൈന്യം നടത്തിക്കൊണ്ടിരിക്കുകയാണ്, അബ്ദുള്‍ നവാസ് ബുഗ്തി പറഞ്ഞു.
മെല്‍ബണിലും ബുസാനിലും പ്രകടനം
ന്യൂദല്‍ഹി: ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന് നടത്തുന്ന പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ മെല്‍ബണിലും ദക്ഷിണ കൊറിയയിലെ ബുസാനിലും നിരവധി ബലൂച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
പാക്കിസ്ഥാന്റെ മനുഷ്യത്വഹീന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ലോകവ്യാപകമായി ബലൂച് പ്രവര്‍ത്തകര്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കശ്മീരിനെതിരെ പാക്കിസ്ഥാന് നടത്തുന്ന പ്രചാരണങ്ങളുടെ മുന ഒടിയുകയാണ് ബലൂചിലെ പാക് നടപടികളിലൂടെ.
ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് പ്രമുഖ ബലൂച് നേതാവ് അഭ്യര്‍ത്ഥിച്ചു.
















