രാജാക്കാട്: സ്റ്റേഷനില്‍ പരാതിയുമായെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എസ്‌ഐക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. മുന്‍ ശാന്തന്‍പാറ എസ്‌ഐയ്‌ക്കെതിരെയാണ് ജില്ലാ പോലീസ് മേധാവി എ വി ജോര്‍ജ്ജിന്റെ ഉത്തരവ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്റെ പണം മറ്റൊരാള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടുള്ള പരാതിയുമായാണ് വിധവയായ അദ്ധ്യാപിക സ്റ്റേഷനിലെത്തിയത്.
പരാതി സ്വീകരിച്ച എസ്‌ഐ ഇവരോട് താമസസ്ഥലത്തേക്ക് ചെല്ലണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭയന്ന് പോയ പരാതിക്കാരി വീട്ടിലേക്ക് മടങ്ങിയെങ്കിലും എസ്‌ഐ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ജില്ലാ പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി വനിതാ എസ്‌ഐയെക്കൊണ്ട് അന്വേഷിപ്പിച്ചതില്‍ സംഭവം ശരിയാണെന്ന് മനസ്സിലായി. കേരള പോലീസ് ആക്ട് 120 പ്രകാരവും അപമാനിക്കാന്‍ ശ്രമിച്ചതിന് 354 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തെങ്കിലും എസ്‌ഐ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല എന്നാണ് വിവരം.
















