കൊല്ലം: വര്‍ക്കല, ആറ്റിങ്ങല്‍, പൂയപ്പള്ളി, ചടയമംഗലം, കല്ലമ്പലം, പാരിപ്പള്ളി എന്നീ സ്‌റ്റേഷന്‍ അതിര്‍ത്തികളിലെ നിരവധി മാല പിടിച്ചുപറി കേസിലെ പ്രതികളായ ചിറക്കര നന്ദു ഭവനില്‍ ബാബു എന്ന തീവെട്ടി ബാബുവിന്റെ മകന്‍ നന്ദു(22), പാരിപ്പള്ളി കിഴക്കനേല മിഥുന്‍ ഭവനില്‍ മിഥുന്‍ എന്ന അച്ചു (19), പാരിപ്പള്ളി വേളമാനൂര്‍ ദേവിപ്രസാദം ഭവനില്‍ അക്ഷയ് (19) എന്നിവരാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. പാരിപ്പള്ളി സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ എഴിപ്പുറം, നീരോന്തി എന്ന സ്ഥലത്ത് കഴിഞ്ഞ ആഗസ്റ്റ് 28ന് നടന്ന മാല പിടിച്ചുപറി കേസ്സിന്റെ തുടരന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നിരവധി മാല പിടിച്ചുപറി കേസുകള്‍ തെളിഞ്ഞിട്ടുള്ളത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതികള്‍ സംഭവത്തിന് ശേഷം പോലീസ് സംശയിക്കുന്നുണ്ടെന്ന് അറിഞ്ഞു ബാംഗ്ലൂരിലും വടക്കന്‍ ജില്ലകളിലും ഒളിവിലായിരുന്നു. തിരക്ക് കുറഞ്ഞ ഉച്ചസമയങ്ങളില്‍ ഇട റോഡുകളില്‍ സഞ്ചരിച്ച് പ്രായമായ സ്ത്രീകളുടെയും കുട്ടികളുടെയും മാലയാണ് കൂടുതലും പൊട്ടിച്ചിരുന്നത്. ഹെല്‍മറ്റ് ഉപയോഗിക്കാതെയും ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് മറച്ച് പിടിച്ചും ചിലപ്പോള്‍ യാത്രക്കാര്‍ എന്ന വ്യാജേന വഴി ചോദിച്ചുമാണ് പ്രതികള്‍ കൃത്യം നടത്തുന്നത്. സംഭവത്തിനുശേഷം അമിത വേഗത്തില്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്യും.
















