ന്യൂദല്‍ഹി: ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറിനെതിരെ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍. ഏറ്റവും ആവശ്യമുള്ള സമയത്താണ് അദ്ദേഹം ബോര്‍ഡിനെ ഉപേക്ഷിച്ച് പോയത്. സഹായം ആവശ്യപ്പെട്ടപ്പോള്‍ അതിനു തയ്യാറായില്ല. ശശാങ്ക് മനോഹര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ താത്പര്യങ്ങള്‍ക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും അനുരാഗ് ആരോപിച്ചു.
അംഗങ്ങളുടെ വികാരമാണ് പ്രകടിപ്പിച്ചത്. ശശാങ്കിന്റെ ടെസ്റ്റ് ക്രിക്കറ്റിനെതിരായ നിലപാടിനെയും അനുരാഗ് വിമര്‍ശിച്ചു. ഐസിസി ചെയര്‍മാന്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റിനെതിരായി സംസാരിക്കുമ്പോള്‍ ആരാണ് ടെസ്റ്റിന് വേണ്ടി നിലകൊള്ളുന്നതെന്നും അനുരാഗ്.
2017-ലെ ചാമ്പ്യന്‍സ് ട്രോഫി നടത്തിപ്പിനായി 135 ദശലക്ഷം ഡോളര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് അനുവദിച്ചതിനെ ബിസിസിഐ എതിര്‍ത്തതിനെയും അനുരാഗ് ന്യായീകരിച്ചു. ഒരു ടൂര്‍ണമെന്റില്‍ ഐസിസി അവശ്യത്തിലധികം പണം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതെന്തിനാണെന്ന് ബിസിസിഐക്ക് അറിയാന്‍ അര്‍ഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐസിസിയുടെ ഭരണ അംഗങ്ങളില്‍ മാറ്റം വരുമ്പോള്‍ ഐസിസി ചെയര്‍മാന്‍ എന്ന നിലയില്‍ ശശാങ്ക് ബിസിസിഐയില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.
















