ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ വിജയം സിറ്റിക്കൊപ്പം. ഇന്നലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സിറ്റി യുണൈറ്റഡിനെ തകര്‍ത്തു.
മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി 15-ാം മിനിറ്റില്‍ കെവിന്‍ ഡി ബ്ര്യുയനും 35-ാം മിനിറ്റില്‍ കെനച്ചി ഇനാച്ചോയും ഗോള്‍ നേടി. യുണൈറ്റഡിന്റെ ആശ്വാസഗോള്‍ 42-ാം മിനിറ്റില്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് കരസ്ഥമാക്കി. മാഞ്ചസ്റ്റര്‍ ഡര്‍ബിയുടെ ചരിത്രത്തില്‍ ലീഗിലും എഫ്എ കപ്പിലുമായി 50-ാമത്തെ വിജയമാണ് സിറ്റി ഇന്നലെ സ്വന്തമാക്കിയത്.
മാഞ്ചസ്റ്റര്‍ ടീമുകള്‍ എന്ന പോരാട്ടത്തിനുപരി രണ്ട് സൂപ്പര്‍ പരിശീലകര്‍ തമ്മിലുള്ള മത്സരമായാണ് കളി വിശേഷിപ്പിക്കപ്പെട്ടത്. സിറ്റിയുടെ പെപ്പ് ഗ്വാര്‍ഡിയോളയും യുണൈറ്റഡിന്റെ ഹോസെ മൊറീഞ്ഞോയുമായിരുന്നു സൂപ്പര്‍ പരിശീലകര്‍. മത്സരഫലം സിറ്റിക്ക് അനുകൂലമായതോടെ മൊറീഞ്ഞോക്കുമേല്‍ മുന്‍തൂക്കം നേടാനും ഗ്വാര്‍ഡിയോളക്കായി.
ലോകത്തിലെ ഏറ്റവും വിലകൂടിയ താരം പോള്‍ പോഗ്ബ, സൂപ്പര്‍ താരങ്ങളായ വെയ്ന്‍ റൂണി, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് എന്നിവര്‍ അണിനിരന്നിട്ടും പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും യുണൈറ്റഡിനേക്കാള്‍ മുന്‍തൂക്കം സിറ്റിക്കായിരുന്നു. കളിയുടെ 60 ശതമാനവും പന്ത് കൈവശംവച്ച സിറ്റി താരങ്ങള്‍ ആകെ പായിച്ചത് 18 ഷോട്ടുകള്‍. ഇതില്‍ എട്ടെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും രണ്ടെണ്ണമാണ് വലയില്‍ കയറിയത്. യുണൈറ്റഡ് ഗോളിയുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് സിറ്റിയെ തടഞ്ഞുനിര്‍ത്തിയത്. അതേസമയം യുണൈറ്റഡ് താരങ്ങള്‍ക്ക് മൂന്നുതവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഷോട്ട് പായിക്കാന്‍ കഴിഞ്ഞത്. ഇതില്‍ ഒരെണ്ണം വലയിലെത്തിയപ്പോള്‍ രണ്ടെണ്ണം സിറ്റി ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു.
ഈ സീസണില്‍ സിറ്റിയുടെ അപരാജിത കുതിപ്പാണ്. തുടര്‍ച്ചയായ നാല് മത്സരങ്ങളും വിജയിച്ച സിറ്റി 12 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
















