തിരുവനന്തപുരം: കായികതാരങ്ങള്‍ക്കിടയിലെ പരസ്യ വിഴുപ്പലക്കല്‍ കേരളത്തിന്റെ കായികമേഖലയ്‌ക്ക് ഗുണം ചെയ്യില്ലെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍. ടിന്റു ലൂക്കയുടെ ബന്ധുക്കള്‍ പരിശീലകയും ഒളിമ്പ്യയുമായ പി.ടി. ഉഷയെ വിമര്‍ശിച്ചതും അതിന് ഉഷ നല്‍കിയ മറുപടിയെയും മുന്‍നിര്‍ത്തി ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം തുറന്ന വിമര്‍ശനങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കും. അതുകൊണ്ട് കായികമേഖലയ്‌ക്ക് ഗുണമില്ല. പരിശീലക എന്ന സ്ഥാനത്തു നിന്ന് ഉഷ പറഞ്ഞത് ശരിയായിരിക്കാം. പക്ഷേ ടിന്റു ലൂക്ക വളരെ ചെറുപ്പത്തില്‍ തന്നെ ഉഷ സ്‌കൂളില്‍ ചേര്‍ന്ന താരമാണ്. മികച്ച പ്രകടനങ്ങളും നടത്തി. എന്നാല്‍ ഏതെങ്കിലും പ്രധാനമത്സരത്തില്‍ മെഡല്‍ കിട്ടാതാകുമ്പോള്‍ ഇങ്ങനെ വിമര്‍ശിക്കുന്നത് ശരിയല്ല. ഒരുപക്ഷേ ടിന്റുവിന്റെ ബന്ധുക്കളുടെ പരാമര്‍ശത്തോടുള്ള പ്രതികരണമായിരിക്കാം. എന്നാലും അത് കായികമേഖലയ്‌ക്ക് ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കണമെന്നും ദാസന്‍ പറഞ്ഞു.
റിയോ ഒളിമ്പിക്‌സില്‍ ഇതില്‍ കൂടുതലൊന്നും ടിന്റുവില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു ഉഷയുടെ വിമര്‍ശനം. ടിന്റുവിന്റെ പരമാവധി കഴിവ് പുറത്തുവന്നു. ടിന്റുവില്‍ നിന്ന് ഇനി ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. പരിശീലക എന്ന നിലയില്‍ ടിന്റുവിന് ചെയ്തുകൊടുക്കാന്‍ കഴിയുന്നതൊക്കെ താന്‍ ചെയ്തുവെന്നും ഉഷ പറഞ്ഞിരുന്നു. റിയോ ഒളിമ്പിക്‌സിലെ ടിന്റുവിന്റെ മോശം പ്രകടനത്തിനു പുറകെ ഉഷയെയും ഉഷ സ്‌കൂളിനെയും വിമര്‍ശിച്ച് ടിന്റുവിന്റെ ബന്ധുക്കള്‍ ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതിനോടാണ് ഉഷ പ്രതികരിച്ചത്.
















