റിയോ ഡി ജനീറോ: പതിനഞ്ചാമത് പാരാലിമ്പിക്‌സിന്റെ മൂന്നാം ദിനം ഇന്ത്യക്ക് സ്വര്‍ണ്ണവും വെങ്കലവും. പുരുഷന്മാരുടെ ഹൈജമ്പി (ഒരുകാല് ഇല്ലത്താവരുടെ വിഭാഗം)ലാണ് ഇന്ത്യന്‍ താരങ്ങള്‍ ചരിത്രനേട്ടം കുറിച്ചത്. തമിഴ്‌നാട് സ്വദേശി മാരിയപ്പന്‍ തങ്കവേലു സ്വര്‍ണ്ണവും ഗ്രേറ്റര്‍ നോയിഡ താരം വരുണ്‍ സിങ് ഭാട്ടി വെങ്കലവും നേടി.
1.89 മീറ്റര്‍ ചാടിയാണ് മാരിയപ്പന്‍ പൊന്നണിഞ്ഞത്. 1.86 മീറ്റര്‍ ഉയരം താണ്ടി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് വരുണ്‍ വെങ്കലം നേടിയത്. ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ശരത് കുമാര്‍ ആറാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. യുഎസ്എയുടെ സാം ഗ്ര്യുവിനാണ് വെള്ളി.
സേലം സ്വദേശിയായ മാരിയപ്പന് കുട്ടിക്കാലത്തുണ്ടായ ബസ്സപകടത്തിലാണ് ഒരു കാല്‍ നഷ്ടപ്പെട്ടത്.
പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് മാരിയപ്പന്‍. ഇതിന് മുമ്പ് 1972-ല്‍ നീന്തലില്‍ മുരളീകാന്ത് പേട്കറും 2004ല്‍ ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജാജറിയയും പാരാലിമ്പിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.
















