ചെന്നൈ: പാരാലിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യയുടെ മാരിയപ്പന്‍ തങ്കവേലുവിന് സമ്മാനപ്പെരുമഴ. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രണ്ട് കോടിരൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചത്.
ഹൈ ജംപില്‍ 1.89 മീറ്റര്‍ ചാടിയ മാരിയപ്പന്‍ ചരിത്രം രചിച്ച് ഇന്ത്യക്കും തമിഴ്‌നാടിനും അഭിമാനമായി മാറിയിരിക്കുകയാണെന്നും എല്ലാവിധ തടസങ്ങളും മറികടന്നുള്ള ഈ നേട്ടം രാജ്യത്തെ യുവജനതക്ക് എന്നും പ്രചോദനമാണെന്നും ജയ പറഞ്ഞു.
കേന്ദ്ര കായിക മന്ത്രാലയവും ഇരുവര്‍ക്കും സമ്മാനം വാഗ്ദാനം ചെയ്തു. സ്വര്‍ണ്ണജേതാവിന് 75 ലക്ഷം രൂപയും വെങ്കല ജേതാവ് വരുണ്‍സിങിന് 30 ലക്ഷം രൂപയുമാണ് നല്‍കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കായികമ്രന്തി വിജയ് ഗോയല്‍, വിരേന്ദര്‍ സെവാഗ്, അഭിനവ് ബിന്ദ്ര, സാക്ഷി മാലിക്, വിജേന്ദര്‍ സിങ്, മേരി കോം, അനുരാഗ് താക്കൂര്‍, അമിതാബ് ബച്ചന്‍ തുടങ്ങിയവര്‍ മാരിയപ്പനെയും വരുണ്‍ സിങിനെയും അഭിനന്ദനങ്ങള്‍കൊണ്ടുമൂടി.
‘ഇന്ത്യക്ക് ആവേശം നല്‍കുന്ന വിജയം, മാരിയപ്പനും വരുണിനും അഭിനന്ദനങ്ങള്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ‘വലിയ നേട്ടമാണ് ഇതെന്നും താരങ്ങളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നതായും’ വിജയ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു.
















