ലാഖിംപൂര്‍: മകളുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാന്‍ ആംബുലന്‍സിനായി പിതാവിന്റെ യാചന. ഉത്തര്‍പ്രദേശിലെ ലാഖിംപൂരിലാണ് സംഭവം. എന്നാല്‍, ആംബുലന്‍സ് വേണമെന്ന് ഇദ്ദേഹം ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടില്ലെന്നാണ് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് സംഭവം പുറംലോകത്തെത്തിയത്. അച്ഛന്റെ നിസഹായത വിവരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ അധികൃതര്‍ ഇടപെട്ടു. സൗത്താലിയിലെ മിതൗലിയുളള പതിനാലുകാരിയുടെ മൃതദേഹം കൊണ്ടുപോകാനാണ് പിതാവ് രമേഷ് ബുദ്ധിമുട്ടിയത്. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കുട്ടിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
എന്നാല്‍, ആരോഗ്യ സ്ഥിതി ഏറെ വഷളായതിനാല്‍ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ എത്തുമ്പോഴേക്കും കുട്ടി മരിച്ചു. തുടര്‍ന്ന് മകളുടെ മൃതദേഹം തിരികെ കൊണ്ടുപോകാനാണ് രമേഷ് പലരോടും വാഹനത്തിനായി കെഞ്ചിയത്. ആരും സഹായിച്ചില്ല. മൃതദേഹം പാതയോരത്ത് കിടത്തിയ ശേഷമാണ് സഹായം തേടിയത്.
















