മുംബൈ: മയക്കുമരുന്നു കടത്തുകേസില്‍ നിരപരാധിയാണെന്ന് മുന്‍ ബോളീവുഡ് താരം മംമ്ത കുല്‍ക്കര്‍ണി. ആത്മീയ പാതയിലുള്ള സന്യാസിയായാണ് താന്‍ ജീവിക്കുന്നതെന്നും മംമ്ത പറയുന്നു. കെനിയയില്‍ നിന്നു മംമ്ത പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തുന്നത്.
2,000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസില്‍ സിബിഐ അന്വേഷണം നടന്നുവരികയാണ്. 20 വര്‍ഷമായി താന്‍ ആത്മീയതയുടെ പാതയിലാണെന്നും മഹാരാഷ്‌ട്ര പൊലീസ് തന്നെ കേസില്‍ കുടുക്കിയതാണെന്നും അവര്‍ ആരോപിച്ചു.
മഹാരാഷ്‌ട്ര പൊലീസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനും കത്തെഴുതി. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റും മഹാരാഷ്‌ട്ര പൊലീസും ഗൂഢാലോചന നടത്തി എന്നെ കേസില്‍പ്പെടുത്തി. ആത്മീയതയില്‍ മാത്രമാണ് ഞാന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത് മംമ്ത കുല്‍ക്കര്‍ണി അറിയിച്ചു.
മംമ്തയും ഭര്‍ത്താവ് ഗോസ്വാമിയും മയക്കുമരുന്ന് കടത്തുന്നതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റ് ചെയ്തു.
















