കൊല്ലം: അവധി ദിവസം ഇനി അനധികൃത നിര്‍മ്മാണം നടന്നാല്‍ പിടി വീഴും. തദ്ദേശതലത്തില്‍ അനധികൃത നിര്‍മ്മാണം തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച തദ്ദേശ വകുപ്പിന്റെ ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി.
ഉത്തരവ് പ്രകാരം പഞ്ചായത്ത് തലം മുതല്‍ നഗരസഭാതലം വരെ അനധികൃത നിര്‍മ്മാണം തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ അതാത് സെക്രട്ടറിമാര്‍ രൂപീകരിക്കണം. അവധി ദിവസങ്ങളില്‍ നടക്കുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയുന്നതിനാണ് സ്‌ക്വാഡ് പ്രവര്‍ത്തനം. നഗരസഭകളില്‍ നഗരസഭാ സെക്രട്ടറി, കെട്ടിട നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍, നഗര ഗ്രാമാസൂത്രണ വകുപ്പിലെ ജില്ലാടൗണ്‍ പ്ലാനര്‍, ഡെപ്യൂട്ടി പ്ലാനര്‍, റീജീയണല്‍ ജോയിന്റ് ഡയറക്ടര്‍ എന്നിവരാണ് സ്‌ക്വാഡിലെ അംഗങ്ങള്‍. ഗ്രാമപഞ്ചായത്തുകളിലും ഇത്തരം ചുമതല വഹിക്കുന്നവരായിരിക്കും സ്‌ക്വാഡില്‍ ഉള്‍പ്പെടുക. അവധി ദിവസങ്ങളില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അവിടെ എത്തി നടപടി സ്വീകരിക്കണം. സംഭവസ്ഥലത്ത് എത്തിയാല്‍ ഉടന്‍തന്നെ നിര്‍മ്മാണം തടഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കണം. നോട്ടീസ് നല്‍കിയിട്ടും നിര്‍മ്മാണം തുടര്‍ന്നാല്‍ പോലീസുമായി ബന്ധപ്പെട്ട് നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കണം.
അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചിത്രം പകര്‍ത്തി പ്ലാനിംഗ് ഓഫീസര്‍ക്ക് അതിന്റെ പകര്‍പ്പ് നല്‍കണം. അനധികൃത നിര്‍മ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ റിപ്പോര്‍ട്ടുകള്‍ എല്ലാദിവസവും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം ഇതാണ് സ്‌ക്വാഡ് ചെയ്യേണ്ട പ്രവര്‍ത്തനം. അതാത് പഞ്ചായത്ത് നഗരസഭാ സെക്രട്ടറിമാര്‍ക്കായിരിക്കും സ്‌ക്വാഡിന്റെ മേല്‍നോട്ടം.
















