കണ്ണൂര്‍: തലശേരിയില്‍ തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ നാടോടി സ്ത്രീക്ക് ഗുരുതരമായ പരിക്ക്. മമ്പ്രത്ത് വഴിയരികില്‍ ടെന്റ് കെട്ടി താമസിച്ച കര്‍ണാടക സ്വദേശി രാധയുടെ മുഖം നായ്‌ക്കള്‍ കടിച്ചുകീറി. പരിക്ക് ഗുരുതരമായതിനാല്‍ രാധയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രാധയുടെ ചുണ്ടും മൂക്കും കവിളും ഉള്‍പ്പടെയുള്ള ഭാഗം നായ്‌ക്കള്‍ കടിച്ചുകീറി. ആദ്യം തലശേരി ജനറല്‍ ആശുപത്രിയിലാണ് രാധയെ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടേയ്‌ക്ക് മാറ്റുകയായിരുന്നു. മമ്പ്രം ഭാഗം നായ്‌ക്കളുടെ വിഹാരകേന്ദ്രമാണ്. ശരിയായ അടച്ചുറപ്പില്ലാത്ത ടെന്റിലെത്തിയ നായ്‌ക്കള്‍ രാധയെ ആക്രമിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ കണ്ണൂരിലെ പരിയാരത്ത് അലോഷ്യസ് എന്നയാളുടെ മുഖം സമാനമായ രീതിയില്‍ നായ്‌ക്കള്‍ കടിച്ചെടുത്തിരുന്നു. മുഖത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ട അലോഷ്യസ് പ്ലാസ്റ്റിക് ആവരണം ധരിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഇതിനിടെ തെരുവ്നായ്‌ക്കളുടെ ശല്യം മൂലമുള്ള ആശങ്ക സുപ്രീംകോടതിയെ ധരിപ്പിക്കുന്നതില്‍ കേരള സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ രംഗത്തെത്തി.
സുപ്രീംകോടതിയില്‍ കേരളം നല്‍കിയ സത്യവാങ്മൂലം ഭേദഗതി ചെയ്ത് പുതുക്കി നല്‍കണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു.
















