ന്യൂദല്‍ഹി: കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് സപ്തംബര്‍ മാസത്തെ ശമ്പളം നല്‍കി കേന്ദ്രസര്‍ക്കാര്‍. ചരിത്രത്തിലിതാദ്യമായാണ് സംസ്ഥാനത്തെ കേന്ദ്രജീവനക്കാര്‍ക്ക് ഓണക്കാലത്ത് ശമ്പളം മുന്‍കൂറായി നല്‍കുന്നത്. സപ്തംബര്‍ 13ന് തന്നെ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ ശമ്പളമെത്തും.
പെന്‍ഷനുകളും 13ന് നല്‍കും. കേന്ദ്രജീവനക്കാര്‍ക്കുള്ള ഓണസമ്മാനമായി ശമ്പളം നേരത്തെ നല്‍കാനുള്ള ഉത്തരവ് ജോയിന്റ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് വിവിധ വകുപ്പുകള്‍ക്ക് കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്. ശമ്പളത്തില്‍ നിന്നുള്ള കിഴിവുകളും മറ്റും അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്നു മാത്രമേ പിടിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.
പ്രതിരോധ, പോസ്റ്റല്‍, ടെലികമ്യൂണിക്കേഷന്‍ ജീവനക്കാര്‍ അടക്കമുള്ള ലക്ഷക്കണക്കിന് കേന്ദ്രജീവനക്കാര്‍ക്കാണ് സപ്തംബറിലെ ശമ്പളം 13ന് നല്‍കുന്നത്.
















