ലണ്ടന്‍: ആരാധക പിന്തുണ കൊണ്ടും പണത്തൂക്കം കൊണ്ടും മുന്നിലുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജകീയ പോരാട്ടം. മാഞ്ചസ്റ്ററിലെ കരുത്തര്‍ യുണൈറ്റഡും സിറ്റിയും മുഖാമുഖം. രണ്ട് താര പരിശീലകരുടെ മാറ്റുരയ്‌ക്കല്‍ കൂടിയാണ് പോരാട്ടം. യുണൈറ്റഡിന്റെ ഹോസെ മൗറീഞ്ഞൊയും സിറ്റിയുടെ പെപ് ഗാര്‍ഡിയോളയും. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിന് മത്സരം.
കളത്തിനു പുറത്തും ശ്രദ്ധിക്കപ്പെടും പോരാട്ടം. പണമെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കിയ ടീമുകളാണ് അങ്കത്തിനിറങ്ങുന്നത്. ഇരു ടീമുകളിലെയും താരങ്ങളുടെ ആകെ മൂല്യം ഏകദേശം 5,000 കോടി രൂപയിലധികം. പരസ്യ വരുമാനമടക്കം കണക്കാക്കുമ്പോള്‍ ഇതിലുമേറും. ഇത്തവണ കളിക്കാര്‍ക്കായി യുണൈറ്റഡ് 1,200 കോടിയിലധികവും, സിറ്റി 1,160 കോടിയിലധികം രൂപയും ചെലവഴിച്ചു.
നിരവധി സൂപ്പര്‍ താരങ്ങളും ഇരു ക്ലബ്ബുകളിലുമായി ജഴ്‌സിയണിയും. യുണൈറ്റഡിനായി സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച്, വെയ്ന്‍ റൂണി, പോള്‍ പോഗ്ബ, സിറ്റിക്കായി ജോണ്‍ സ്‌റ്റോണ്‍സ്, ലെറോയ് സാനെ, യായ ടുറെ, ഡേവിഡ് സില്‍വ തുടങ്ങിയവര്‍ കളത്തിലറങ്ങും. അതേസമയം, വിലക്കു മൂലം സെര്‍ജിയോ അഗ്വെയ്‌റൊയും പരുക്കേറ്റ സാനെയും കളിക്കാത്തത് സിറ്റിക്ക് തിരിച്ചടി. ആദ്യ മൂന്നു മത്സരങ്ങളില്‍ രണ്ടു വീതം ജയവും സമനിലയുമായി മുന്നിലാണ് ടീമുകള്‍.
മറ്റു മത്സരങ്ങളില്‍ കരുത്തരായ ലിവര്‍പൂള്‍, നിലവിലെ ജേതാക്കള്‍ ലെസ്റ്റര്‍ സിറ്റിയെ നേരിടുമ്പോള്‍, ചെല്‍സിക്ക് എതിരാളി സ്വാന്‍സീ സിറ്റി. ആഴ്‌സണലിനെ എതിര്‍ക്കാനെത്തുന്നത് സതാംപ്ടണ്‍.
















