ഭോപ്പാല്‍: പാവങ്ങള്‍ക്ക് പത്തുരൂപ നിരക്കില്‍ ഭക്ഷണം നല്‍കുന്ന പദ്ധതിയ്‌ക്ക് മധ്യപ്രദേശിലെ ശിവ്‌രാജ് സിങ് സര്‍ക്കാര്‍ തുടക്കമിടുന്നു.
തമിഴ്‌നാട് സര്‍ക്കാരിന്റെ അമ്മ ഉണവഗം, ഒഡീഷാ സര്‍ക്കാരിന്റെ ആഹാര്‍ യോജന എന്നിവയാണ് പുതിയ സംരംഭത്തിന് പ്രചോദനമാകുന്നത്. പോഷക സംപുഷ്ടമായ ഒരു തളിക ഭക്ഷണത്തില്‍ ചോറ്, റൊട്ടി, പരിപ്പ്, പച്ചക്കറികള്‍, അച്ചാര്‍ എന്നിവയാണ് വിഭവങ്ങള്‍.
തുടക്കത്തില്‍ ഭോപ്പാല്‍, ഇന്‍ഡോര്‍, ഗ്വാളിയോര്‍, ജബല്‍പ്പൂര്‍ എന്നിവിടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. സംസ്ഥാന ഭക്ഷ്യ വകുപ്പും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും സംയുക്തമായാണ് നടപ്പാക്കുന്നത്.
ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന വെസ് പ്രസിഡന്റ് വിജയ് പ്രതാപ് സിങ് പറഞ്ഞു. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തില്‍ പദ്ധതിക്ക് ആരംഭിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
















