ന്യൂദല്‍ഹി: വിവാദ ഇസ്ലാമിക പ്രാസംഗികന്‍ സക്കീര്‍ നായിക് രാജീവ് ഗാന്ധി ഫൗണ്ടേഷന് 50 ലക്ഷം രൂപ നല്‍കിയെന്ന് ആരോപണം. 2011ലാണ് ഇത്രയും പണം നല്‍കിയതെന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.
ബംഗ്ലാദേശിലെ ഭീകരാക്രമണത്തിന് പ്രേരണ നല്‍കിയത് നായിക് ആണെന്ന വിവരം പുറത്തുവന്നതോടെ അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുകയാണ് ഇയാള്‍. പ്രഭാഷണത്തിലൂടെ മുസ്ലിം ചെറുപ്പക്കാരെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്നാണ് ആരോപണം. ഇതിനിടെയാണ് കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് 50 ലക്ഷം നല്‍കിയെന്ന വിവരം പുറത്തുവരുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഫൗണ്ടേഷന്റെ ഭാരവാഹികളാണ്. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണത്തെപ്പറ്റി കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നായിക്കിന്റെ ഭീകരബന്ധം പുറത്തുവന്നതോടെ ജൂലൈ മാസത്തില്‍ ചേര്‍ന്ന രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ യോഗത്തില്‍ തുക തിരികെ കൊടുക്കണമെന്ന വാദമുയര്‍ന്നെങ്കിലും ഇതുവരെ തുക മടക്കി നല്‍കിയിട്ടില്ല.
സൗദി, ഖത്തര്‍, യുകെ, യുഎസ്എ, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ് സക്കീര്‍ നായിക്കിന്റെ സംഘടനയ്‌ക്ക് പണം വരുന്നത്. ഇതില്‍ നിന്നാണ് രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ ജനറല്‍ ഫണ്ടിലേക്ക് അരക്കോടി രൂപ നല്‍കിയത്. എന്തിനാണ് തുക നല്‍കിയതെന്ന കാര്യം ഇനിയും പുറത്തുവന്നിട്ടില്ല.
















