ന്യൂദല്‍ഹി: വിമാനത്തിന്റെ കോക്പിറ്റില്‍ കുടുംബാംഗങ്ങളുമൊത്ത് നിയമവിരുദ്ധമായി ചിത്രങ്ങള്‍ എടുത്ത ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ക്കെതിരെ അന്വേഷണം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്റെ (ഡിജിസിഎ) നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
ജൂലൈയിലാണ് ആറ് ഇന്‍ഡിഗോ പൈലറ്റുമാര്‍ കുടുംബാംഗങ്ങളോടൊപ്പം കോക്പിറ്റിലിരുന്ന് ഫോട്ടോയെടുത്തത്. വിമാനത്തില്‍ മദ്യക്കുപ്പിയുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്തതിന് നാലു വര്‍ഷം മുമ്പ് രണ്ടു പൈലറ്റുമാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. 2013 ഒക്ടോബറിലാണ് സംഭവം. എന്നാല്‍ ഇതുസംബന്ധിച്ച ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട് കിട്ടിയെങ്കില്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ സാധിക്കൂവെന്ന് ഡിജിസിഎ അറിയിച്ചു.
അതേസമയം വിമാനത്തില്‍ മദ്യപിച്ച പൈലറ്റുമാര്‍ അന്ന് ഓഫ് ഡ്യൂട്ടിയിലായിരുന്നെന്നും ഇവര്‍ യാത്രക്കാരായി വിമാനത്തില്‍ കയറിയതാണെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്.
1937ലെ വിമാന നിയമപ്രകാരം ക്രൂ അംഗങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് മദ്യപിക്കാം. ചട്ടങ്ങള്‍ക്കു വിരുദ്ധമായി ഡിജിസിഎയുടെ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ ഇവരുടെ ലൈനസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികളുണ്ടാവും.
















