മറയൂര്‍: വെളുത്തുള്ളി സംഭരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് കാന്തല്ലൂരില്‍ കര്‍ഷകരെ പ്രകോപിതരാക്കി. നഷ്ടം സഹിച്ച് ഇടനിലക്കാര്‍ക്ക് വില്‍പ്പന നടത്താനാകുകേല എന്നും പറഞ്ഞ് ഓഫീസിലെത്തിയ കര്‍ഷകര്‍ വിഎഫ്പിസികെ ( സ്വാശ്രയ കര്‍ഷക സമിതി) യുടെ ഓഫീസ് ഉപരോധിച്ചു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വാശ്രയ കര്‍ഷക സമിതിയും, ഹോര്‍ട്ടികോര്‍പ്പും മറ്റ് പച്ചക്കറികള്‍ സംഭരിച്ചെങ്കിലും വെളുത്തുള്ളിയെ തഴയുകയായിരുന്നു. വന്‍തോതില്‍ വെളുത്തുള്ളി കൃഷിയുള്ള മേഖലയാണ് കാന്തല്ലൂരും പരിസര പ്രദേശവും. എന്നാല്‍ ഇവിടെ നിന്നും കര്‍ഷകരെ കബളിപ്പിച്ച് ഇടനിലക്കാര്‍ ലക്ഷങ്ങളാണ് ഉണ്ടാക്കുന്നത്.
ഇതിന് അവസരമൊരുക്കുന്നതിന് വേണ്ടിയുള്ള ഒത്ത് കളിയാണ് സംഭരിക്കാന്‍ മടിക്കുന്നതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഇത്തരത്തില്‍ ഇവിടെ നിന്ന് തന്നെ തമിഴ്‌നാടിന് കയറിപോയ വെളുത്തുള്ളി ഹോര്‍ട്ട് കോര്‍പ്പ് വാങ്ങിയതായും ആരോപണമുണ്ട്. കര്‍ഷകര്‍ക്ക് തുച്ഛമായ വിലനല്‍കി സംഭരിച്ച 20 ടണ്‍ വെളുത്തുള്ളിയാണ് ഇത്തരത്തില്‍ വാങ്ങിയതെന്നാണ് വിവരം.
ഉദ്യോഗസ്ഥരും കര്‍ഷകരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. ഇതേ തുടര്‍ന്ന് കര്‍ഷക സമിതി ശേഖരിച്ച് വില്‍പ്പനയ്‌ക്ക് വച്ച കാബേജ്, കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ് എന്നിവയുടെ വില്‍പ്പനയും കര്‍ഷകര്‍ തടഞ്ഞു. ഗേറ്റ് പൂട്ടിയതോടെ ഇവ കൊണ്ടുപോകാനും ആയിട്ടില്ല. കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ അധികൃതര്‍ രാത്രി വൈകിയും തയ്യാറാവാത്തത് പ്രദേശത്ത് സംഘര്‍ഷ സാധ്യതയ്‌ക്കും കാരണമായിട്ടുണ്ട്. മികച്ച വില ലഭിക്കുമെന്ന് കരുതിയ ഓണക്കാലവും തിരിച്ചടി ആയതൊടെ പ്രതീക്ഷകള്‍ മങ്ങിയാണ് കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങിയത്.
വില്‍പ്പന വൈകുന്നതോടെ വിളവെടുത്ത് പാടത്ത് കൂട്ടിയിരിക്കുന്ന വെളുത്തുള്ളി നശിക്കാനുള്ള സാധ്യതയും ഏറി വരികയാണ്. ഇവ സംഭരിക്കാനുള്ള സൗകര്യമില്ലാത്തത് മിക്ക കര്‍ഷകര്‍ തിരിച്ചടിയാകുകയാണ്.
അതേ സമയം സ്ഥലത്ത് പോലീസ് എത്താതത് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് തടസ്സമായിട്ടുണ്ട്.
















