ആലപ്പഴ: വിഷവിമുക്ത പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും പരമാവധി ഉല്പാദനവും വിപണവും ലക്ഷ്യമിട്ട് കൃഷിയിടങ്ങളില്‍ മാരക കീടനാശികള്‍ ഉപയോഗിക്കുന്നത് തടയാനായി കൃഷി വകുപ്പ് സംസ്ഥാനതല കാമ്പയിന്‍ സംഘടിപ്പിക്കുന്നു. 40 ദിവസത്തെ കാമ്പയിന്‍ തുടങ്ങി, ഒക്‌ടോബര്‍ ഏഴുവരെയാണ് കാമ്പയിന്‍. കാമ്പയിന്‍ കാലയളവില്‍ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചാ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും. എല്ലാ കീടനാശിനി വിതരണ, വിപണന കേന്ദ്രങ്ങളിലും ഇന്‍സെക്ടിസൈഡ് ഇന്‍സെപ്ക്ടര്‍മാര്‍ കര്‍ശന പരിശോധന നടത്തും.
നിരോധിത കീടനാശിനികളോ വില്പനയ്‌ക്ക് ലൈസന്‍സ് നല്കിയിട്ടില്ലാത്ത കീടനാശിനികളോ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന ശിക്ഷാ നടപടി കൈക്കൊള്ളും. നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്‌കര്‍ഷിച്ച കീടനാശിനികള്‍ കൃഷി ഓഫീസറുടെ ശിപാര്‍ശ കുറിപ്പിന്റെ അടിസ്ഥാനത്തിലേ കീടനാശിനി ഡിപ്പോകളില്‍ നിന്നു കര്‍ഷകര്‍ക്ക് നല്‍കാവൂ.
അതിര്‍ത്തി ജില്ലകളിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കീടനാശിനികളുടെ വരവ് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇതിനായി ജില്ലാതലത്തില്‍ രൂപീകരിച്ച വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. സംസ്ഥാനതല വിജിലന്‍സ് സ്‌ക്വാഡ് ജില്ല സന്ദര്‍ശിച്ച് പരിശോധന നടത്തും. കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷര്‍ക്കോ കര്‍ഷകസമിതികള്‍ക്കോ നേരിട്ട് കീടനാശിനി വിതരണം ചെയ്യാന്‍ പാടില്ല. കീടനാശിനികമ്പനികളും വിതരണക്കാരും കൃഷി വകുപ്പിന്റെ അംഗീകാരമില്ലാതെ കൃഷിയിടങ്ങളില്‍ നേരിട്ട് വിള പരീക്ഷണങ്ങളും ഡമോണ്‍സ്‌ട്രേഷനുകളും നടത്തരുത്.
















