ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 230നു പുറത്ത്. മനീഷ് പാണ്ഡെയുടെ (77) പ്രകടനം ഇരുന്നൂറ് കടത്തി. മറുപടി തുടങ്ങിയ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ 25 റണ്‍സില്‍. കാമറോണ്‍ ബാന്‍ക്രോഫ്റ്റ് (10), ജോ ബേണ്‍സ് (12) ക്രീസില്‍.
പിങ്ക് പന്തുപയോഗിച്ചുള്ള കളിയില്‍ ഫൈസ് ഫസലും (48), അഖില്‍ ഹെര്‍വാദ്ക്കറും (34) ആദ്യ വിക്കറ്റില്‍ 74 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഇന്ത്യയുടെ തകര്‍ച്ച തുടങ്ങിയത്. 76 പന്തില്‍ 13 ഫോറും ഒരു സിക്‌സറുമടക്കം മനീഷിന്റെ 77 റണ്‍സ്. ശ്രേയസ് അയ്യര്‍ (19), ഷര്‍ദുല്‍ താക്കൂര്‍ (17), കരുണ്‍ നായര്‍ (15) എന്നിവരും രണ്ടക്കം കണ്ടു.
നാലു വിക്കറ്റെടുത്ത ലെഗ് സ്പിന്നര്‍ മിച്ചല്‍ സ്വെപ്‌സണും മൂന്ന് ഇരകളെ കണ്ടെത്തിയ മീഡിയം പേസര്‍ ഡേവിഡ് മൂഡിയുമാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്.
















