മുംബൈ: രോഹിത് ശര്‍മയും ശിഖര്‍ ധവാനുമടക്കം അഞ്ച് ടെസ്റ്റ് താരങ്ങളെ ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിനുള്ള ഇന്ത്യ റെഡ്, ബ്ലൂ ടീമുകളില്‍ ഉള്‍പ്പെടുത്തി. നിലവില്‍ ബ്ലൂ ടീമിന്റെ ഭാഗമായ ചേതേശ്വര്‍ പൂജാരയ്‌ക്കു പുറമെയാണിത്. 14 മുതല്‍ ഗ്രേറ്റര്‍ നോയിഡയിലാണ് ഫൈനല്‍.
രോഹിതും രവീന്ദ്ര ജഡേജയും ബ്ലൂവിലും ശിഖര്‍, സ്റ്റുവര്‍ട്ട് ബിന്നി, അമിത് മിശ്ര എന്നിവര്‍ റെഡ്ഡിലും കളിക്കും. ഈ മാസം 22ന് ന്യൂസിലന്‍ഡുമായി ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ കളിക്കാര്‍ക്ക് പരിചയം ലഭിക്കാനാണിത്. ദുലീപ് ട്രോഫി പിങ്ക് പന്തുപയോഗിച്ച് പകല്‍-രാത്രിയായി നടക്കുന്നതിനാല്‍ മത്സരപരിചയവും ലക്ഷ്യമിടുന്നു. ടെസ്റ്റ് താരങ്ങളെ ഉപയോഗിച്ച് പകല്‍-രാത്രി മത്സരങ്ങളുടെ വിലയിരുത്തലും ലക്ഷ്യമിടുന്നു.
അതേസമയം, ടീമിലേക്ക് മലയാളി താരങ്ങളെ പരിഗണിച്ചില്ല. പ്രാഥമിക റൗണ്ടില്‍ ബ്ലൂവില്‍ അംഗമായിരുന്ന ഇടംകൈയന്‍ സ്പിന്നര്‍ കെ.എസ്. മോനിഷിനെ ഒഴിവാക്കി. ഓസ്‌ട്രേലിയയില്‍ ചാമ്പ്യന്മാരായ എ ടീമിലംഗമായിരുന്ന സഞ്ജു സാംസണിനെയും പരിഗണിച്ചില്ല. ഫൈനല്‍ കാണാതെ പുറത്തായ ഗ്രീനില്‍ രോഹന്‍ പ്രേമും കളിച്ചിരുന്നു. മോനിഷിനും രോഹനും ആദ്യ ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല.
ഇന്ത്യ ഗ്രീനിനെ ഒന്നാമിന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ മറികടന്നാണ് ബ്ലൂ കലാശക്കളിക്ക് യോഗ്യത നേടിയത്. റെഡ് നേരത്തെ ഫൈനലുറപ്പിച്ചിരുന്നു.
ഇന്ത്യ റെഡ്: യുവരാജ് സിങ് (നായകന്‍), അഭിനവ് മുകുന്ദ്, ശിഖര്‍ ധവാന്‍, സുദീപ് ചാറ്റര്‍ജി, ഗുര്‍കീരത് സിങ്, അങ്കുഷ് ബെയ്ന്‍സ് (വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബിന്നി, അക്ഷയ് വഖാരെ, കുല്‍ദീപ് യാദവ്, അമിത് മിശ്ര, നാതു സിങ്, അനുരീത് സിങ്, ഈശ്വര്‍ പാണ്ഡെ, നിതീഷ് റാണ, പ്രദീപ് സാംഗ്‌വാന്‍.
ഇന്ത്യ ബ്ലൂ: ഗൗതം ഗംഭീര്‍ (നായകന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, സിദ്ധേഷ് ലാഡ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), പര്‍വേസ് റസൂല്‍, സുര്യകുമാര്‍ യാദവ്, കരണ്‍ ശര്‍മ, രവീന്ദ്ര ജഡേജ, മോഹിത് ശര്‍മ, പങ്കജ് സിങ്, അഭിമന്യു മിഥുന്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, ഹനുമ വിഹാരി.
















