ന്യൂദല്‍ഹി: ഇടംകൈയന്‍ സ്പിന്നര്‍ പ്രജ്ഞാന്‍ ഓജയ്‌ക്ക് പരിക്ക്. ദുലീപ് ട്രോഫിക്കിടെ പന്ത് തലയിലടിച്ച് പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓജ സുഖംപ്രാപിച്ചു വരുന്നുവെന്ന് ബിസിസിഐ അറിയിച്ചു. താരം ആശുപത്രിയിലിരിക്കുന്ന ചിത്രവും ബിസിസിഐ പുറത്തുവിട്ടു.
നോയിഡയില്‍ നടന്ന ഇന്ത്യ ഗ്രീന്‍- ഇന്ത്യ ബ്ലൂ മത്സരത്തിനിടെയാണ് സംഭവം. ഗ്രീന്‍ താരമായ ഓജ, ഷോട്ട് മിഡ്ഓണില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ബ്ലൂവിന്റെ പങ്കജ് സിങ് അടിച്ച പന്ത് തലയ്‌ക്കു പിറകില്‍ കൊള്ളുകയായിരുന്നു.
ഉരുണ്ടുവന്ന പന്ത് പിടിക്കാന്‍ മുട്ടുകുത്തി ഇരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പന്ത് കുത്തിയുയര്‍ന്നു. ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതിനിടെ തലയ്‌ക്ക് പിറകിലടിച്ചു. മൈതാനത്ത് ബോധംകെട്ടുവീണ് ഓജയെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി.
















