ചെറുതോണി: തിളച്ചവെള്ളം ദേഹത്തുവീണ് ബാലികയ്‌ക്ക് പൊള്ളലേറ്റു. വാഴത്തോപ്പ് തേവറുകുന്നേല്‍ സിബി തോമസിന്റെ മകള്‍ അനുഷ്‌ക (4) ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇന്നലെ രാവിലെ 10 മണിയോടെ കേശമുനി അംഗന്‍വാടിയിലാണ് സംഭവം. അംഗന്‍വാടി തുറന്നശേഷം ഹെല്‍പ്പര്‍ പാല്‍ തിളപ്പിക്കുകയും, പിന്നീട് വെള്ളം തിളപ്പിക്കുകയുംചെയ്തു.
തിളച്ചവെള്ളവുമായി തിരിയുമ്പോള്‍ കുട്ടി ഹെല്‍പ്പറുടെ പിറകില്‍ വന്ന് തട്ടുകയും വെള്ളംനിറച്ചപാത്രം കൈവിട്ടുപോവുകയുമായിരുന്നു. പാത്രത്തിലെ വെള്ളംമുഴുവനും കുട്ടിയുടെ ദേഹത്ത് വീണു. കഴുത്തിനു താഴെ ശരീരം മുഴുവന്‍ പൊള്ളലേറ്റ കുട്ടിയുടെയും ഹെല്‍പ്പറുടെയും കരച്ചില്‍കേട്ട് ഓടികൂടിയ നാട്ടുകാര്‍ ഉടനെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്‌ദ്ധ പരിശോധനയ്‌ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്മാറ്റി.
















