കൊച്ചി: ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ ആക്രമണ ഫുട്‌ബോളായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് കാഴ്ചവെക്കുകയെന്ന് കോച്ച് സ്റ്റീവ് കൊപ്പല്‍. ഇന്നലെ ടീമിനെ പരിചയപ്പെടുത്തല്‍ ചടങ്ങ് കഴിഞ്ഞശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളിക്കാരുടെ ശാരീരികക്ഷമതയും ഒത്തിണക്കവുമാണ് പ്രധാനം. എതിരാളികള്‍ക്കനുസരിച്ച് ടീം കോമ്പിനേഷന്‍ മാറ്റും. വിദേശ-ഇന്ത്യന്‍ കളിക്കാരര്‍ തമ്മില്‍ ഒത്തിണക്കം ഉണ്ടാക്കുകയാണ് പ്രധാന വെല്ലുവിളി. ശാരീരിക ക്ഷമതയിലും കളിരീതിയിലും വ്യത്യാസമുണ്ട്. ഇതിനെ മറികടക്കാന്‍ ശ്രമിക്കും. മുന്‍ വര്‍ഷങ്ങളില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തി മുന്നോട്ടുപോകുവാനാണ് ശ്രമമെന്നും കൊപ്പല്‍ വ്യക്തമാക്കി. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളിക്കാരനായിരുന്നു ഈ അറുപത്തൊന്നുകാരന്‍.
കിരീടം മാത്രമാണ് ലക്ഷ്യമെന്നും ഏതു വെല്ലുവിളിയും നേരിടാന്‍ ടീം സജ്ജമാണെന്നും മൈക്കിള്‍ ചോപ്ര പറഞ്ഞു. കഴിഞ്ഞ സീസണിനെ കുറിച്ച് പറയാന്‍ ആഗ്രമില്ലെന്നും ഇത്തവണ മികച്ച മുന്നൊരുക്കമാണ് ടീം നടത്തുന്നതെന്ന് മലയാളി താരം മുഹമ്മദ് റാഫി പറഞ്ഞു. ഹോസു, സന്ദേശ് ജിങ്കാന്‍ തുടങ്ങിയവരും മികച്ച സീസണാണ് ടീം പ്രതീക്ഷിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
ഗുവാഹത്തിയില്‍ ഒക്ടോബര്‍ ഒന്നിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായിട്ടാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം.
















