കൊച്ചി: പ്രയോഗിച്ച് പഴകിയ, ഇതുവരെ ഫലം തരാത്ത പരീക്ഷണത്തിന് വീണ്ടും വേദിയാകുന്നു കേരള ക്രിക്കറ്റ്. മൂന്ന് ഇതര സംസ്ഥാന താരങ്ങളെ ഈ സീസണിലെ ആഭ്യന്തര മത്സരങ്ങളിലേക്കുള്ള സംസ്ഥാന ടീമിലെത്തിച്ചു കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ). ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധയിലുള്ള, രാജ്യത്തെ ഏതൊരു ആഭ്യന്തര താരങ്ങളോടും കിടപിടക്കുന്നവരുടെ ധാരാളിത്തമുള്ളപ്പോഴാണ് ഈ നടപടി.
രണ്ട് സീസണ്‍ മുന്‍പ് മറുനാടന്‍ താരങ്ങളും പരിശീലകരുമുണ്ടായിട്ടും ദയനീയ പ്രകടനം കാഴ്ചവച്ച ടീം, കഴിഞ്ഞ സീസണില്‍ തനി നാടനായിറങ്ങി ശ്രദ്ധിക്കപ്പെട്ട പ്രകടനം നടത്തി. മുംബൈയില്‍ നിന്നെത്തിയ പരിശീലകന്‍ സായ്‌രാജ് ബഹുതുലെയെയും ചന്ദ്രകാന്ത് പണ്ഡിറ്റിനെയും മാറ്റി, നമ്മുടെ പി. ബാലചന്ദ്രനെ പരിശീലകനുമാക്കി. അതിന്റെ ഫലവും കണ്ടു. ഒട്ടേറെ വ്യക്തിഗത പ്രകടനങ്ങളുണ്ടായി. മറുനാട്ടുകാരല്ല ഭേദമെന്നു കരുതിയിരിക്കെയാണ് കെസിഎയുടെ നടപടി.
ഓസ്‌ട്രേലിയയില്‍ ചാമ്പ്യന്മാരായ ഇന്ത്യ എയുടെ വിക്കറ്റ് കാത്ത സഞ്ജു സാംസണ്‍, ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ബ്ലൂവിനൊപ്പമുള്ള ഇടംകൈയന്‍ സ്പിന്നര്‍ കെ.എസ്. മോനിഷ്, ഇന്ത്യ ഗ്രീനിലംഗമായ ഓള്‍റൗണ്ടര്‍ രോഹന്‍ പ്രേം എന്നിവര്‍ ദേശീയ ശ്രദ്ധയിലുള്ളപ്പോഴാണ് തീരുമാനമെന്നതും ശ്രദ്ധേയം. മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന, മുംബൈയുടെ ഉത്തര്‍പ്രദേശുകാരന്‍ ഓള്‍റൗണ്ടര്‍ ഇഖ്ബാല്‍ അബ്ദുള്ള, മുംബൈയില്‍ നിന്നു തന്നെയുള്ള ഓപ്പണര്‍ ഭവിന്‍ തക്കര്‍ എന്നിവരാണ് എത്തുന്നത്. ഇവരില്‍ ജലജ്, ബ്ലൂവില്‍ മോനിഷിനൊപ്പമുണ്ട്.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയെന്നു ന്യായീകരിക്കാം ജലജിന്റെ വരവിനെ. എന്നാല്‍, ശ്രദ്ധേയ പ്രകടനത്തിനൊന്നുമായിട്ടില്ല ഇഖ്ബാലിന്. ഐപിഎല്ലിലടക്കം നിരാശപ്പെടുത്തി. ഇടയ്‌ക്കു മിന്നിത്തിളങ്ങിയെന്നതൊഴിച്ചാല്‍ ഭവിന്‍ താക്കറെ കുറിച്ച് കാര്യമായ കേള്‍വിയില്ല. ഇവരെല്ലാം 25 വയസ് പിന്നിട്ടവരെന്നതും ഭാവിയെയല്ല കെസിഎ ലക്ഷ്യമിടുന്നതെന്ന സംശയം ഉയര്‍ത്തുന്നു. ഇഖ്ബാലും ജലജും മുപ്പതില്‍ താഴെയെങ്കില്‍, ഭവിന് 34 വയസായി.
ഇവരുടെ പ്രതിഭയെ മാനിച്ചാലും ഓരോ സ്ഥാനത്തും ഒന്നിലധികം പേര്‍ അവകാശമുന്നയിക്കുന്നു നിലവിലെ ടീമില്‍. റോബര്‍ട്ട് ഫെര്‍ണാണ്ടസിനെ പോലുള്ള ബാറ്റ്‌സ്മാനു പോലും ടീമില്‍ സ്ഥാനമുറപ്പില്ല. ഇന്നിങ്‌സ് തുറക്കാന്‍ പരിചയസമ്പന്നന്‍ വി.എ. ജഗദീഷുണ്ട്. കൂട്ടിന് അക്ഷയ് കോടോത്ത് അല്ലെങ്കില്‍ നിഖിലേഷ് സുരേന്ദ്രന്‍. പോരാത്തതിന് സഞ്ജു സാംസണുമുണ്ട്. അപ്പോള്‍ ഭവിന് സ്ഥാനമെന്ത്?
ഓള്‍റൗണ്ടര്‍മാരെന്ന ലേബലോടെയാണ് ജലജും ഇഖ്ബാലും എത്തുന്നത്. ജലജ് വലംകൈയന്‍, ഇഖ്ബാല്‍ ഇടംകൈയന്‍. റൈഫി വിന്‍സന്റ് ഗോമസ്, ഫാബിദ് അഹമ്മദ്, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, പി. പ്രശാന്ത്, കെ.എസ്. മോനിഷ് തുടങ്ങിയവരുള്ളപ്പോഴാണിത്. ഇവരില്‍ പ്രശാന്തും മോനിഷും ഇടംകൈയന്‍ സ്പിന്നര്‍മാരാണ്. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി വിക്കറ്റ് വേട്ടയില്‍ ദേശീയ തലത്തില്‍ രണ്ടാമതെത്തി മോനിഷ്. പ്രശാന്ത് നിയന്ത്രിത ഓവര്‍ മത്സരത്തില്‍ ടീമിന്റെ മുന്നേറ്റത്തിനു തുണയുമായി. രോഹനും സച്ചിനും റോബര്‍ട്ടുമെല്ലാം ബാറ്റുകൊണ്ടും പന്തുകൊണ്ടും സഹായിക്കുന്നു. ഇവരൊന്നുമില്ലെങ്കിലും, വിവിധ പ്രായ വിഭാഗത്തില്‍ ഒട്ടേറെ യുവതാരങ്ങളുണ്ട് സ്ഥാനം മോഹിച്ച്.
പേസ് ബൗളിങ്ങില്‍ പ്രശാന്ത് പരമേശ്വരന്‍ തിരിച്ചെത്തുന്നു. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, നിസാര്‍ നിയാസ്, പി. അന്‍താഫ്, മനുകൃഷ്ണന്‍ തുടങ്ങിയവര്‍ ചേരുമ്പോള്‍ പ്രതീക്ഷയേറെ.
















