കൊല്ലം: വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓണവിപണികളിലെ കൃത്രിമങ്ങള്‍ തടയാന്‍ ആദ്യമായി സംയുക്ത പരിശോധന. ഇന്നലെ ജില്ലയിലെ മത്സ്യം, മാംസം, പഴം, പച്ചക്കറിവില്‍പ്പന കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഓണക്കാലത്ത് കൃത്രിമങ്ങള്‍ വര്‍ധിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ക്ലീന്‍ ഫുഡ് എന്ന പേരിട്ട പരിശോധനാദൗത്യം നടന്നത്. മതദേഹം കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യവും മാംസവും വിപണിയിലുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ ശക്തമായി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഡിഎംഒമാരുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘവും ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡില്‍ ഒപ്പമുണ്ടായിരുന്നു.
ഡിവൈഎസ്പി ജിജിയുടെ നേതൃത്വതതില്‍ മൂന്ന് ടീമായാണ് ജില്ലയില്‍ വിജിലന്‍സ് സംഘം പരിശോധനകള്‍ നടത്തിയത്. സിഐമാരും സംഘത്തില്‍ ഉണ്ടായിരുന്നു.
















