കരുനാഗപ്പള്ളി: നാടാകെ ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കരുനാഗപ്പള്ളിയിലെത്തുന്നവരെ ബുദ്ധിമുട്ടിച്ചു കൊണ്ട് മലിനജലം പൊട്ടി ഒലിച്ച് കിടക്കുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നു.
കരുനാഗപ്പള്ളി ടൗണില്‍ ഏറെ തിരക്ക് അനുഭവപ്പെടുന്ന കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ പടിഞ്ഞാറുവശത്തും എല്‍ഐസി ഓഫീസിന്റെ മുന്നിലും ഓടയില്‍ നിന്നുള്ള മലിനജലം തളം കെട്ടി നില്‍ക്കുന്നു. ഇവിടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ മുേട്ടാളം അഴുക്കുവെള്ളമാണ് കെട്ടികിടക്കുന്നത് ഇതുമൂലം ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വീട്ടിലേക്കും പുറത്തേക്കും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഓട്ടോ-ടാക്‌സി സ്റ്റാന്റുകളിലെ ഡ്രൈവര്‍മാര്‍ വാഹനം സ്റ്റാന്റില്‍ ഇട്ടിട്ട് ദുര്‍ഗന്ധം ഇല്ലാത്ത സ്ഥലത്ത് മാറിനില്‍ക്കുകയാണ് ചെയ്യുന്നത്. ഹോട്ടലുകളിലേയും, വ്യാപാരസ്ഥാപനങ്ങളിലേക്കും അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഓടയില്‍ ഒഴുക്കുന്നതിനാല്‍ ഇവിടെ എല്ലാം പുഴു നുരക്കുന്ന കാഴ്ചയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ സാംക്രമികരോഗങ്ങള്‍ ഉള്‍പ്പെടെ പകരാന്‍ സാധ്യത തള്ളികളയാന്‍ സാധിക്കില്ല. കഴിഞ്ഞ രണ്ട് ആഴ്ചയായി ഈ സ്ഥിതിയാണെന്ന് ഇവിടത്തെ വ്യാപാരികളും ഡ്രൈവര്‍മാരും മറ്റും പറയുന്നു. മലിനജലം പമ്പ് ചെയ്ത് മാറ്റുകയോ ടാങ്കറില്‍ നിറച്ചോ ഇവിടെ നിന്നും മാറ്റിയാല്‍ തളംകെട്ടി നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരുപരിധി വരെ ഒഴിവാക്കാമായിരുന്നു എന്നും പറയപ്പെടുന്നു.
മുനിസിപ്പാലിറ്റി ഓഫീസിന് തൊട്ടടുത്തായി ഇത്തരമൊരവസ്ഥ ഉണ്ടായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല എന്നാണ് പരാതി ഉയരുന്നത്. ഓണത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി ഉള്ളത്. ഓണത്തിന്റെ തിരക്ക് കരുനാഗപ്പള്ളിയില്‍ തുടങ്ങി കഴിഞ്ഞു. കരുനാഗപ്പള്ളിയിലെത്തുന്ന താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇക്കുറി ദുര്‍ഗന്ധം മൂലം മൂക്കുപൊത്തി നടക്കാനുള്ള സാഹചര്യമാണ് നഗരസഭയും, ബന്ധപ്പെട്ടവരും ഒരുക്കിയിട്ടുള്ളത്.
















