ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ, മൂന്നാം സീഡ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാവ് വാവ്‌റിങ്ക, ആറാം സീഡ് ജപ്പാന്റെ കെയ് നിഷികോരി, അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍.
ആന്‍ഡി മുറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് 22-ാം റാങ്കുകാരന്‍ ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-1, 6-2, 6-2. വാവ്‌റിങ്ക നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ ഉക്രെയിന്‍ താരം ഇല്ലിയ മാര്‍ചെന്‍കോയെ പരാജയപ്പെടുത്തിയാണ് അവസാന എട്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-4, 6-1, 6-7 (5-7), 6-3. കെയ് നിഷികോരി നേരിട്ടുള്ള സെറ്റുകള്‍ക്ക് ക്രൊയേഷ്യന്‍ താരം ഇവോ കര്‍ലോവിച്ചിനെ തകര്‍ത്തു. സ്‌കോര്‍: 6-3, 6-4, 7-6 (7-4). ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ എട്ടാം സീഡ് ആസ്ട്രിയയുടെ ഡൊമിനിക് തീമിനെ പരാജയപ്പെടുത്തിയാണ് മുന്നേറിയത്. ആദ്യ സെറ്റ് 6-3ന് നേടിയ ഡെല്‍പോട്രോ രണ്ടാം സെറ്റില്‍ 3-2ന് മുന്നിട്ടുനില്‍ക്കേ എതിരാളി പിന്മാറുകയായിരുന്നു. സ്റ്റാനിസ്ലാവ് വാവ്‌റിങ്കയാണ് ഡെല്‍പോട്രോയുടെ ക്വാര്‍ട്ടര്‍ എതിരാളി. മുറെക്ക് കെയ് നിഷികോരിയും.
വനിതാ സിംഗിള്‍സില്‍ അഞ്ചാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ്പ്, പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവ, ക്രൊയേഷ്യയുടെ അന്ന കൊന്‍ജു എന്നിവരും ക്വാര്‍ട്ടറിലെത്തി.ഹാലെപ്പ് 6-2, 7-5 എന്ന നേരിട്ടുള്ള സെറ്റുസള്‍ക്ക് സുവാരസ് നവാരോയെ പരാജയപ്പെടുത്തിയപ്പോള്‍ അന്ന കൊന്‍ജു നാലാം സീഡ് പോളിഷ് സുന്ദരി ആഗ്നിയേസ്‌ക റഡ്‌വാന്‍സ്‌കയെ 6-4, 6-4 എന്ന സ്‌കോറിന് അട്ടിമറിച്ചു. ആറാം സീഡ് അമേരിക്കയുടെ വീനസ് വില്യംസിനെ മൂന്ന് സെറ്റ് നീണ്ട ആവേശകരമായ മത്സരത്തിനൊടുവില്‍ അട്ടിമറിച്ചാണ് കരോലിന പ്ലിസ്‌കോവ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 4-6, 6-4, 7-6 (7-3). ക്വാര്‍ട്ടറില്‍ സെറീനയാണ് ഹാലെപ്പിന്റെ എതിരാളി.
സാനിയ സഖ്യം ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്‌ട്രൈക്കോവ സഖ്യം ക്വാര്‍ട്ടറില്‍.
അമേരിക്കയുടെ നിക്കോളെ ഗിബ്‌സ്-ജപ്പാന്റെ നാവോ ഹിബിനോ സഖ്യത്തെ നേരിട്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാനിയ സഖ്യത്തിന്റെ കുതിപ്പ്. സ്‌കോര്‍: 6-4, 7-5. മത്സരം ഒരു മണിക്കൂറും 17 മിനിറ്റും നീണ്ടുനിന്നു. ക്വാര്‍ട്ടറില്‍ ഫ്രഞ്ച് താരങ്ങളായ കരോലിനെ ഗാര്‍ഷ്യ, ക്രിസ്റ്റീന മ്ലഡനോവിക് സഖ്യത്തെയാവും സാനിയ-സ്‌ട്രൈക്കോവ സഖ്യം നേരിടുക.
അതേസമയം മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-കാനഡയുടെ ഗബ്രിയേല ഡബ്‌റോവ്‌സ്‌കി സഖ്യം ക്വാര്‍ട്ടറില്‍ പുറത്ത്. ജര്‍മ്മന്‍-കൊളംബിയന്‍ ജോഡി റോബര്‍ട്ട് ഫറ-അന്ന ലെന ഗ്രോനിഫിഡ് സഖ്യത്തോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബൊപ്പണ്ണ സഖ്യം കീഴടങ്ങിയത്. സ്‌കോര്‍: 1-6, 6-2, 10-8.
















