ലിയോണ്‍: 2018-ല്‍ റഷ്യയില്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് ഫുട്‌ബോള്‍ യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ സ്‌പെയിന്‍, വെയ്ല്‍സ്, ഇറ്റലി, ആസ്ട്രിയ ടീമുകള്‍ക്ക് വിജയത്തുടക്കം. എന്നാല്‍ സെര്‍ബിയ, ക്രൊയേഷ്യ, ഉക്രെയിന്‍ ടീമുകള്‍ സമനിലയില്‍ കുരുങ്ങി.
എട്ടടിച്ച് സ്‌പെയിന്‍; മൂന്നടിയില്‍ ഇറ്റലി
ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ സ്‌പെയിന്‍ മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്ക് ലിച്ചന്‍സ്‌റ്റൈനെ തകര്‍ത്താണ് ആദ്യ കളിയില്‍ വിജയിച്ചത്. സ്‌പെയിനിന് വേണ്ടി സൂപ്പര്‍താരങ്ങളായ ഡീഗോ കോസ്റ്റ, ഡേവിഡ് സില്‍വ, ആല്‍വാരോ മൊറാട്ട എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടി. സെര്‍ജിയും മാച്ചിന്‍ പെരസുമാണ് മറ്റ് രണ്ട് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം നേടിയ കാളക്കൂറ്റന്മാര്‍ രണ്ടാം പകുതിയില്‍ ഏഴെണ്ണമാണ് എതിര്‍ വലയില്‍ നിക്ഷേപിച്ചത്. 10-ാം മിനിറ്റില്‍ കോസ്റ്റയിലൂടെ തുടങ്ങിയ ഗോള്‍മഴ അവസാനിച്ചത് പരിക്കുസമയത്ത് ഡേവിഡ് സില്‍വയിലൂടെ. പിന്നീട് 55-ാം മിനിറ്റില്‍ സെര്‍ജി ലീഡ് ഉയര്‍ത്തി. തുടര്‍ന്നുള്ള 11 മിനിറ്റിനിടെ മൂന്നുതവണ കൂടി സ്‌പെയിന്‍ ലിച്ചന്‍സ്‌റ്റൈയിന്‍ വല കുലുക്കി.
59-ാം മിനിറ്റില്‍ സില്‍വ, 60-ാം മിനിറ്റില്‍ പെരസ്, 66-ാം മിനിറ്റില്‍ കോസ്റ്റ എന്നിവരാണ് ലക്ഷ്യം കണ്ടത്. കഴിഞ്ഞ യൂറോകപ്പില്‍ ടീമിന് പുറത്തായിരുന്ന കോസ്റ്റയുടെ ശക്തമായ തിരിച്ചുവരവിനാണ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. 82, 83 മിനിറ്റുകളിലായിരുന്നു ആല്‍വാരോ മൊറാട്ടയുടെ ഗോളുകള്‍. 91-ാം മിനിറ്റില്‍ സില്‍വയും ലക്ഷ്യം കണ്ടതോടെ സ്പാനിഷ് ഗോള്‍മഴക്ക് സമാപനം.
ഗ്രൂപ്പിലെ മറ്റൊരു എവേ മത്സരത്തില്‍ ഇറ്റലി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇസ്രയേലിനെ തകര്‍ത്തു. 14-ാം മിനിറ്റില്‍ ഗ്രാസിയാനോ പെല്ലെ, 31-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അന്റോണിയോ കാന്‍ഡ്രിവ, 83-ാം മിനിറ്റില്‍ സിറോ ഇമ്മോബിലെ എന്നിവര്‍ അസൂറികള്‍ക്കായി ഗോളുകള്‍ നേടി. 55-ാം മിനിറ്റില്‍ ജോര്‍ജിയോ ചില്ലെനി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുേപായശേഷം പത്തുപേരുമായി കളിക്കേണ്ടി വന്നിട്ടും ഇറ്റലിയെ വെല്ലുവിളിക്കാന്‍ ഇസ്രയേലിനായില്ല. 35-ാം മിനിറ്റില്‍ ബെന്‍ ഹെയിം ഇസ്രയേലിന്റെ ആശ്വാസഗോള്‍ നേടി.
ബെയ്ല്‍ ഡബിളില്‍ വെയ്ല്‍സ്
സൂപ്പര്‍താരം ഗരെത്ത് ബെയ്‌ലിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് വെയ്ല്‍സ് യോഗ്യതാ റൗണ്ടിലെ ആദ്യ കളിയില്‍ ഗംഭീര വിജയം നേടിയത്. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് മോള്‍ഡോവയെയാണ് തകര്‍ത്തത്. 38-ാം മിനിറ്റില്‍ സാം വോക്‌സും 44-ാം മിനിറ്റില്‍ ജോ അലനും ലക്ഷ്യം കണ്ടതിനുശേഷമായിരുന്നു ബെയ്ല്‍ താണ്ഡവം. 50-ാം മിനിറ്റിലും പരിക്കു സമയത്ത് പെനാല്‍റ്റിയിലൂടെയുമാണ് ബെയ്ല്‍ മോള്‍ഡോവ വല കുലുക്കിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആസ്ട്രിയ ഒന്നിനെതിരെ രണ്ട് ഗോളിന് ജോര്‍ജിയയെ കീഴടക്കി. 16-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഹിന്റെറെഗ്ഗറും 42-ാം മിനിറ്റില്‍ മാര്‍ക്ക് യാന്‍കോയും ആസ്ട്രിയക്കായി ഗോള്‍ നേടി. 78-ാം മിനിറ്റില്‍ യാനോ അനാനിസെയെ ജോര്‍ജിയയുടെ ആശ്വാസം. അതേസമയം, സെര്‍ബിയ-അയര്‍ലന്‍ഡ് കളി 2-2ന് സമനിലയില്‍ സമാപിച്ചു. ഒരിക്കല്‍ മുന്നിട്ടുനില്‍ക്കുകയും പിന്നീട് പിന്നിലാവുകയും ചെയ്തശേഷമാണ് അയര്‍ലന്‍ഡ് സമനില േനടിയത്. കളി തുടങ്ങി എതിരാളികള്‍ നിലയുറപ്പിക്കും മുന്നേ ജെഫ് ഹെന്‍ഡ്രിക്കിലൂടെ അയര്‍ലന്‍ഡ് മുന്നില്‍. ആദ്യപകുതിയില്‍ ഈ ഒരു ഗോളിന് അവര്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു. 62-ാം മിനിറ്റില്‍ ഫെലിപ് കോസ്റ്റിക്ക് സെര്‍ബിയക്ക് സമനില നേടിക്കൊടുത്തു. ഏഴ് മിനിറ്റിനുശേഷം അവര്‍ക്ക് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഡുസാന്‍ ടാഡിക്ക് ടീമിനെ മുന്നിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഗോള്‍ മടക്കാന്‍ പൊരുതിക്കളിച്ച സെര്‍ബിയക്ക് വേണ്ടി 80-ാം മിനിറ്റില്‍ ഡാരില്‍ മര്‍ഫി സമനിലസമ്മാനിച്ചു.
ഗ്രൂപ്പ് ഐയില്‍ സമനിലക്കൡഗ്രൂപ്പ് ഐയിലെ മൂന്ന് മത്സരങ്ങളും 1-1ന് സമനിലയില്‍ കലാശിച്ചു. ക്രൊയേഷ്യയെ തുര്‍ക്കിയും ഫിന്‍ലാന്‍ഡിനെ നവാഗതരായ കൊസോവയും ഉക്രെയിനെ ഐസ്‌ലന്‍ഡുമാണ് പിടിച്ചുകെട്ടിയത്.
















